ജോലി രണ്ടു ദിവസം ഓഫിസിലും 3 ദിവസം വീട്ടിലും; വരുന്നു ‘ഹൈബ്രിഡ് വർക്ക്’ കാലം
Mail This Article
കോവിഡ് വെറുമൊരു രോഗം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അതു മാറ്റിമറിച്ചു; പ്രത്യേകിച്ചും തൊഴിൽമേഖലയെ. അങ്ങനെ വന്ന ‘വർക്ക് ഫ്രം ഹോം’, ‘റിമോട്ട് വർക്കിങ്’ ട്രെൻഡുകളുടെ തുടർച്ചയായാണ് പിന്നീട് ‘ഹൈബ്രിഡ് വർക്ക്’ എന്ന ആശയം ശക്തിപ്പെട്ടത്. രണ്ടുദിവസം ഓഫിസിലും 3 ദിവസം വീട്ടിലും; അല്ലെങ്കിൽ തിരിച്ച്; അതുമല്ലെങ്കിൽ കമ്പനി തീരുമാനിക്കുന്നതനുസരിച്ച്. ഇന്ത്യയിൽ ഈ രീതികൾ ആരംഭഘട്ടത്തിലാണെങ്കിലും വിദേശരാജ്യങ്ങൾ പലതും ഹൈബ്രിഡ് വർക്കിന്റെ വഴിയേ കൂടുതൽ മുന്നേറിക്കഴിഞ്ഞു. എന്നാൽ ഈ രീതിയിൽ ജോലിയുടെ തുടർച്ച ഒരു പ്രശ്നമാണ്. അതുപോലെ ഉപയോക്താക്കളുമായി നേരിട്ട് ബന്ധം വേണ്ടിവരുന്ന കസ്റ്റമർ സർവീസ്, മാർക്കറ്റിങ് തുടങ്ങിയ ജോലികളിൽ ബന്ധങ്ങൾ നിലനിർത്തുന്നതും വെല്ലുവിളിയായി.
ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമേകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെത്തിയിരിക്കുകയാണ്. മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും ഡെഡ്‌ലൈനുകൾ കണ്ടെത്തി അറിയിക്കുന്നതിനും പ്രധാന രേഖകളും മറ്റും കണ്ടെത്തുന്നതിനും അവ ഹൈബ്രിഡ് ശൃംഖലയിൽ ഉൾപ്പെട്ട ജീവനക്കാർക്കു കൈമാറുന്നതിനുമെല്ലാം എഐ സംവിധാനങ്ങൾ സഹായിക്കുന്നു. ഏറെ സമയം വേണ്ടിവരുന്ന ഇത്തരം സാധാരണ ജോലികൾ എഐയെ ഏൽപിക്കുന്നതോടെ തൊഴിൽശൃംഖലയെ എണ്ണയിട്ടുനിർത്താം; കൂടുതൽ മികച്ച ആശയങ്ങൾക്കായി സമയം കണ്ടെത്താനും സാധിക്കും. പല സമയമേഖലകളിലുള്ള ജീവനക്കാരെ കണ്ടെത്തി എല്ലാവർക്കും യോജിക്കുന്ന സമയക്രമത്തിൽ കാര്യങ്ങൾ ചെയ്തുതീർക്കാനും എഐയ്ക്കു സാധിക്കും. ഫലത്തിൽ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമാക്കുന്ന റോളിലേക്ക് എഐ വരുന്ന സാഹചര്യം. ഇത്തരത്തിലുള്ള കൂടുതൽ സാധ്യതകളും എഐയ്ക്കു മുന്നിൽ തുറന്നുകിട്ടുന്നു.
ചില ഉദാഹരണങ്ങൾ:
∙ ജീവനക്കാരുടെ തൊഴിൽക്ഷമത കണ്ടെത്താൻ എഐയ്ക്ക് എളുപ്പം സാധിക്കും. ഒരാൾ എത്ര മണിക്കൂർ ജോലി ചെയ്തു, എത്രത്തോളം ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു തുടങ്ങിയവ തുടങ്ങിയ വിലയിരുത്തലുകളിൽ എഐയെ ആശ്രയിക്കുന്ന സ്ഥിതി കൂടും.
∙ പലഭാഷക്കാരായ ജീവനക്കാരെ പരിഭാഷാ സംവിധാനങ്ങളിലൂടെ കൂട്ടിയിണക്കാനും എഐയ്ക്കു കഴിയും.
∙ പല നാടുകളിലും ഓഫിസുകളിലും വീടുകളിലുമൊക്കെയിരുന്നു ജോലി ചെയ്യുന്നവരെ ഒരു വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ബന്ധിപ്പിച്ച് സുഗമമായ തൊഴിൽരീതി കൊണ്ടുവരാൻ എഐയ്ക്കു കഴിയും. വരുംകാലത്തെ ഹൈബ്രിഡ് തൊഴിൽരീതികളെ ജനപ്രിയമാക്കുക എഐ ആയിരിക്കുമെന്നു വിദഗ്ധർ പറയുന്നു.