കോക്കകോള, കേപ്ജമിനി, ഫോഡ് മോട്ടോർ... ഇന്ത്യയിലെ മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ അറിയാം
Mail This Article
കോക്കകോള ഇന്ത്യ, കേപ്ജമിനി, ഫോഡ് മോട്ടോർ, ഏജിസ് കസ്‌റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസസ്, പിറ്റ്‌നി ബോവ്‌സ് ഇന്ത്യ, എബിസി കണ്‍സള്‍റ്റന്റ്‌സ് എന്നിവയെല്ലാം ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നല്‍കുന്ന ചില സ്ഥാപനങ്ങളാണെന്ന് സര്‍വേ. ഇന്ത്യയിലെ മികച്ച സ്‌ത്രീസൗഹൃദ തൊഴിലിടങ്ങള്‍ കണ്ടെത്താന്‍ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ ആണ് സര്‍വേ നടത്തിയത്. വിവിധ വ്യവസായങ്ങളിലെ തൊഴിലിടങ്ങളില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വർധിച്ചിട്ടുണ്ടെങ്കിലും നേതൃത്വപദവികളില്‍ അടക്കമുള്ള പങ്കാളിത്തം 26 ശതമാനത്തില്‍ മരവിച്ചിരിക്കുകയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനം, സന്നദ്ധസേവനം പോലുള്ള മേഖലകളില്‍ സ്‌ത്രീപ്രാതിനിധ്യം 50 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യ, നിര്‍മാണം, ഗതാഗതം പോലുള്ള പുരുഷാധിപത്യ മേഖലകളില്‍ ലിംഗസമത്വവിടവ് നികത്താന്‍ നടപടികള്‍ വേണമെന്നും സര്‍വേ ആവശ്യപ്പെടുന്നു.
സ്വന്തമായത് എന്നൊരു തോന്നല്‍ സ്‌ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ഒരുക്കാനായാല്‍ ഏറ്റവും മികച്ച തൊഴിലിടമായി സ്ഥാപനത്തെ സ്‌ത്രീകള്‍ അടയാളപ്പെടുത്താനുള്ള സാധ്യത 6.2 മടങ്ങ് അധികമാണെന്നും സര്‍വേ പറയുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് സ്‌ത്രീകള്‍ വളര്‍ച്ചസാധ്യതകള്‍ കണ്ടെത്താനുള്ള സാധ്യത 3.1 മടങ്ങ് അധികമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മിഡ് ലെവല്‍ മാനേജ്‌മെന്റ്, സിഇഒ സ്ഥാനങ്ങളിലെ സ്‌ത്രീപുരുഷ ലിംഗസമത്വ വിടവ് 11 ശതമാനമാണെന്നും സര്‍വേ പറയുന്നു. സ്‌ത്രീകള്‍ക്ക് നേതൃത്വ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും മെൻഡര്‍ഷിപ്, സ്‌പോണ്‍സര്‍ഷിപ് എന്നിവ നടപ്പാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നേറുന്നതായും സര്‍വേ അഭിപ്രായപ്പെട്ടു. തൊഴില്‍സേനയുടെ നല്ലൊരു പങ്ക് ആകുമ്പോള്‍ തന്നെ കമ്പനി ലാഭത്തിന്റെ തുല്യ വിഹിതം സ്‌ത്രീകള്‍ക്കു ലഭിക്കുന്നതായി കരുതുന്നത് 65 ശതമാനമാണ്. ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും പക്ഷപാതമില്ലായ്‌മയും ആവശ്യമാണെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.