കടന്നലുകളെക്കുറിച്ച് പഠിക്കാൻ കടൽകടന്ന് ഫെമി; നേടിയത് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ്
Mail This Article
കടന്നലിനെ കാണുമ്പോൾ രണ്ട് ഓപ്ഷനാണുള്ളത്. ഒന്ന്, നമ്മളെല്ലാം ചെയ്യുന്നതുപോലെ ‘എന്റമ്മോ’ എന്നു നിലവിളിച്ച് സ്ഥലംവിടുക. രണ്ട്, ഫെമിയെപ്പോലെ ‘എന്റമോളജി’ പഠിച്ച് ആ പേടിയെ പറപറപ്പിക്കുക! 1.75 കോടി രൂപയുടെ സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ (യുസിഎൽ) പ്രാണിപഠനശാസ്ത്രത്തിൽ (എന്റമോളജി) 4 വർഷത്തെ ഗവേഷണം നടത്തുകയാണ് കണ്ണൂർ എടത്തൊട്ടിയിലെ ഫെമി ബെന്നി. വിവിധ ഗവേഷണങ്ങൾക്കായി ആയിരക്കണക്കിന് അപേക്ഷകരിൽനിന്ന് 40 പേരെയാണ് യുസിഎൽ തിരഞ്ഞെടുക്കുക. ഇതിൽ ഏക മലയാളിയാണ് ഫെമി. കടന്നലുകളുടെ ജൈവവൈവിധ്യം സംബന്ധിച്ച ‘ഇക്കോളജി ആൻഡ് ബിഹേവിയർ’ എന്നതിലാണ് സ്പെഷലൈസേഷൻ.
പ്രാണികളുടെ ലോകത്തേക്ക്
കർഷകദമ്പതികളായ എഴുത്തുപള്ളിക്കൽ ബെന്നിയുടെയും ഗ്രേസിയുടെയും മകളാണ് ഫെമി. റബർത്തോട്ടത്തിൽ നിറയെ തേനീച്ചപ്പെട്ടികളുണ്ട്. ‘‘റാണിയീച്ചയെ അപ്പ കയ്യിലെടുക്കുന്നതും അതിനുചുറ്റും തേനീച്ചകൾ കൂട്ടത്തോടെ പറക്കുന്നതും മറ്റും കണ്ടാണു വളർന്നത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ പ്രാണികളോടുള്ള പേടി പോയിക്കിട്ടി; പിന്നെ അവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകമായി’’ – ഫെമി പറയുന്നു. പഠനമേഖല തിരഞ്ഞെടുക്കാൻ സഹായിച്ചത് ഈ കൗതുകം തന്നെ. കോഴിക്കോട് പ്രോവിഡൻസ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം റാങ്കോടെ എംഎസ്‍സിയും. ജെആർഎഫ് നേടി ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിൽ (എടിആർഇഇ) ഗവേഷണം നടത്തുമ്പോഴാണ് സ്കോളർഷിപ് കിട്ടിയത്.
‘അലഞ്ഞ്’ നേടിയ സ്കോളർഷിപ്
സ്കോളർഷിപ്പിലേക്കു സ്വയം വഴിവെട്ടി എത്തിയതാണെന്നു ഫെമി അഭിമാനത്തോടെ പറയുന്നു. ഇന്റർനെറ്റിലും ജേണലുകളിലും കുറെ തിരഞ്ഞാണ് കടന്നലുകളെക്കുറിച്ചുള്ള (വാസ്പ്) ഗവേഷണത്തിൽ പേരുകേട്ട, യുസിഎലിലെ ഡോ.സിറിയൻ സംനറിലേക്കെത്തിയത്. ഏഷ്യൻ ജയന്റ് ഹോണറ്റ് എന്ന കടന്നലിനെക്കുറിച്ച് പഠിക്കാനുള്ള താൽപര്യവും മനസ്സിലുള്ള ആശയങ്ങളുമെല്ലാം അറിയിച്ച് ഇമെയിൽ അയച്ചു. വൈകിയാണെങ്കിലും അനുകൂല മറുപടി കിട്ടി. പിന്നെ മുന്നിലുണ്ടായിരുന്നത് 2 കടമ്പകൾ. ഒന്ന്, യുസിഎലിലെ ജനറ്റിക്സ് എവലൂഷൻ ആൻഡ് എൻവയൺമെന്റ് ഡിപ്പാർട്മെന്റിലേക്ക് ഗവേഷണത്തിന് അപേക്ഷിക്കണം. വിശദപരിശോധനകൾക്കും ഓൺലൈൻ അഭിമുഖത്തിനും ശേഷമാണ് ഷോർട്‌ലിസ്റ്റ് ചെയ്യുക. ഫെമിയുടെ ഗവേഷണതാൽപര്യം ബോധ്യപ്പെട്ട ഡിപ്പാർട്മെന്റ് ഓകെ പറഞ്ഞു. സ്കോളർപ്പിനുള്ള അപേക്ഷ നേരിട്ട് യൂണിവേഴ്സിറ്റിക്കു നൽകുകയാണ് രണ്ടാമത്തെ കടമ്പ. ഗവേഷണ ലക്ഷ്യം സംബന്ധിച്ച വിശദമായ കുറിപ്പ്, മാർക്ക് ലിസ്റ്റുകൾ, ഐഇഎൽടിഎസ് യോഗ്യത, മറ്റു രേഖകൾ എന്നിവയെല്ലാം സഹിതമാണ് അപേക്ഷിക്കേണ്ടത്. ഡിപ്പാർട്മെന്റിന്റെ പച്ചക്കൊടി ലഭിച്ചിരുന്നതിനാൽ ആ കടമ്പയും വെല്ലുവിളിയായില്ല. ഇതിനൊക്കെക്കൂടി ആകെ ചെലവായത് ഫോൺ ഡേറ്റാ ചാർജ് മാത്രമാണെന്നു ഫെമി പറയുന്നു.
ഇടയ്ക്ക് യുസിഎൽ നേരിട്ടു വിവിധ പ്രോജക്ടുകളിൽ ഗവേഷണ സഹായികളെ ക്ഷണിക്കാറുണ്ട്. അവരുടെ വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ നോക്കി നേരിട്ട് അപേക്ഷിക്കുകയുമാകാം.അശോകയിലെ ഗവേഷണകാലത്ത് ഫെമി മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ പ്രദേശവാസികൾ കഴിക്കുന്ന പ്രാണികളെക്കുറിച്ചു പഠിച്ചു. ഡോ. എ.പി.രഞ്ജിത്, ഡോ.പ്രിയദർശൻ ധർമരാജൻ എന്നിവർക്കൊപ്പം കിഴക്കൻ ഹിമാലയത്തിൽനിന്ന് പുതിയൊരു തരം വേട്ടാളനെ കണ്ടെത്താനുമായി.
പഠിച്ച് കേറിവാ...
അശോകയിൽ എത്തുംവരെ, വിദേശത്തെ ഗവേഷണ സാധ്യതകളെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നുവെന്നു ഫെമി. ഒന്നു മനസ്സുവച്ചാൽ ആർക്കും ഈ സ്കോളർഷിപ്പുകളൊക്കെ നേടാവുന്നതേയുള്ളൂ. ഇതാ ചില ടിപ്സ്:
∙ സ്പെഷലൈസേഷൻ മനസ്സിൽ വച്ച് പിജി പ്രോഗ്രാം തിരഞ്ഞെടുക്കുക.∙ ഗവേഷണ താൽപര്യമുള്ളവർ പിജി അവസാന വർഷം തന്നെ തയാറെടുപ്പു തുടങ്ങുക.
∙ നമ്മുടെ താൽപര്യമേഖല കണ്ടെത്തി ആ രംഗത്തെ പ്രമുഖരെ തിരിച്ചറിയുക.
∙ മികച്ച ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തുക; അവിടെ ഇന്റേൺഷിപ് എങ്കിലും ചെയ്യാൻ ശ്രമിക്കുക. ഇതു നമ്മുടെ സി.വി മികച്ചതാക്കും
∙ യൂണിവേഴ്സിറ്റികളുടെയും മറ്റും വെബ്സൈറ്റുകൾ നോക്കി അവസരങ്ങൾ തിരിച്ചറിയുക.
∙ ഒരു മടിയും കൂടാതെ ഇമെയിലും ആപ്ലിക്കേഷനുമൊക്കെ അയയ്ക്കുക; നമുക്ക് ചോദിച്ചു ചോദിച്ചു പോകാം!∙ തട്ടിപ്പുകളിൽപെട്ട് കാശു കളയാതിരിക്കാൻ കോമൺ സെൻസ് ഉപയോഗിക്കുക. സിംപിൾ.