‘നീ മെഡിസിനു പോയാല്‍ മതി. എന്‍ജിനീയറിങ്ങിന് പോകേണ്ട.’; വഴിത്തിരിവായ ഉപദേശത്തെക്കുറിച്ച് ഡോ. ബി. ഇക്ബാൽ
Mail This Article
ചങ്ങനാശേരിയിലെ ധനിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. എന്റെ അച്ഛനൊരു വ്യാപാരിയായിരുന്നു. എന്റെ ജീവിതത്തിലെ വഴിവിളക്കുകളില്‍ പ്രധാനിയാണ് എന്റെ മൂത്ത സഹോദരി ഹാരിഫാ ബീവിയുടെ ഭര്‍ത്താവ് ടി.എ.ജാഫര്‍കുട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കായംകുളം മുനിസിപ്പല്‍ ചെയര്‍മാനായി ഏതാനും വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മച്ച എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോടു വളരെ ഇഷ്ടമായിരുന്നു.
1960 കളുടെ ആരംഭത്തില്‍ എന്റെ പിതാവിന്റെ കച്ചവടം നഷ്ടത്തിലായി. ഞാൻ അന്ന് എസ്ബി കോളജില്‍ പ്രീ-യൂണിവേഴ്സിറ്റി അവസാന ബാച്ച് വിദ്യാര്‍ഥി. കണക്കിൽ മിടുക്കനായിരുന്ന എന്നെ കണക്കൻ എന്നാണ് വിളിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഞാന്‍ എന്‍ജിനീയറിങ്ങിനും മെഡിസിനും അപേക്ഷിച്ചു. ആദ്യം എന്‍ജിനീയറിങ്ങിന്റെ ഫലം വന്നു. കൊല്ലത്തെ ടികെഎം എന്‍ജിനീയറിങ് കോളജില്‍ എനിക്കു അഡ്മിഷന്‍ കിട്ടി. പോയി ചേരാന്‍ പൈസയില്ല. നേരെ മച്ചയുടെ വീട്ടിലേക്കു പോയി. അദ്ദേഹം എനിക്കു പണം തന്നു. അടുത്ത ദിവസം രാവിലെ കോളജിലേക്ക് ഇറങ്ങാന്‍ നേരത്താണ് മനോരമ പത്രം വന്നത്. മച്ച എന്റെ തൊട്ടടുത്ത് നില്‍പുണ്ട്. പത്രത്തില്‍ മെഡിസിന്റെ അഡ്മിഷന്‍ ലിസ്റ്റ് വന്നിരിക്കുന്നു, എന്റെ പേരുമുണ്ട്. ‘ഇക്ബാലേ, നീ മെഡിസിന് പോയാല്‍ മതി. എന്‍ജിനീയറിങ്ങിന് പോകേണ്ട.’ മച്ച പറഞ്ഞതനുസരിച്ച് ഞാന്‍ വീട്ടിലേക്കു പോന്നു.
അന്ന് മെഡിസിന് അഡ്മിഷന്‍ കിട്ടുന്നവര്‍ ഒരു വര്‍ഷം പ്രീ-പ്രഫഷനല്‍ കോഴ്‌സ് പൂര്‍ത്തിയാക്കണം. അന്ന് മാര്‍ ഇവാനിയോസിലും എസ്ബി കോളജിലും മാത്രമാണ് പ്രീ-പ്രഫഷനല്‍ കോഴ്സ് ഉള്ളത്. എനിക്ക് മാര്‍ഇവാനിയോസ് കോളജില്‍ പോസ്റ്റിങ് കിട്ടി. ഹോസ്റ്റലില്‍ താമസിക്കണം. എസ്ബികോളജ് ആണെങ്കില്‍ നടന്നുപോകാം. വീണ്ടും മച്ചയെ ആശ്രയിച്ചു. അദ്ദേഹം നേരെ കാറെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു പോയി. അദ്ദേഹത്തിന്റെ അടുത്തസുഹൃത്ത് രഘു അവിടെ അവസാനവര്‍ഷ വിദ്യാർഥിയാണ്. രഘുവിന്റെ സ്വാധീനത്തില്‍ എനിക്ക് എസ്ബി കോളജില്‍ പോസ്റ്റിങ് കിട്ടി. പ്രീ-പ്രഫഷനല്‍ പൂര്‍ത്തിയായ സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. മച്ച പറഞ്ഞു, ‘കോട്ടയത്ത് പഠിക്കണ്ട, മെഡിക്കല്‍ കോളജ് ഇപ്പോള്‍ തുടങ്ങിയതല്ലേ ഉള്ളൂ. നീ തിരുവനന്തപുരത്താണു പഠിക്കേണ്ടത്. അതാണ് ഏറ്റവും നല്ല മെഡിക്കല്‍ കോളജ്.’ രഘുവിന്റെ സ്വാധീനത്തില്‍ എന്നെ തിരുവനന്തപുരത്തു ചേര്‍ത്തു. അവിടെ ഡോ. കെ. എന്‍.പൈ, ഡോ. മാത്യു റോയ്,
ഡോ. കെ.വി. കൃഷ്ണദാസ് തുടങ്ങിയ പ്രഗല്ഭരുടെ ശിക്ഷണത്തില്‍ പഠിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ കോപ്പറേറ്റീവ് ഹോം ലോഡ്ജിലെ താമസം എന്റെ ലോകത്തെ കുറച്ചുകൂടി വിശാലമാക്കി. അന്ന് യുവനേതാവായിരുന്ന പി.സി. ചാക്കോ അവിടെയാണു താമസിച്ചിരുന്നത്. സി. ജെ. റോയ് ഇടയ്ക്ക് അവിടെ വന്നു താമസിക്കുമായിരുന്നു. പ്രഫസര്‍ പി.വി. വേലായുധന്‍ പിള്ളയായിരുന്നു എന്റെ തൊട്ടടുത്തമുറിയില്‍. അക്കാലത്ത് ജീവിതത്തിന്റെ വ്യത്യസ്തമേഖലയിലുള്ളവരെ പരിചയപ്പെടാന്‍ സാധിച്ചു. പഴയ ട്രിവാന്‍ഡ്രം ഹോട്ടലില്‍ മച്ച ഭക്ഷണം കഴിക്കാനായി എനിക്കൊരു അക്കൗണ്ട് എടുത്തു തന്നു.
പിന്നീട് ഞാന്‍ ന്യൂറോ സര്‍ജനായി. അക്കാലത്ത് എന്റെ മച്ചയ്ക്ക് ട്യൂമര്‍ പിടിപെട്ടു. എനിക്ക് അദ്ദേഹത്തെ ചികിത്സിക്കാന്‍ പറ്റിയില്ല. ഞങ്ങളുടെയൊക്കെ ഗുരുതുല്യനായ ഡോ. കെ.എം. ജോണ്‍ ആണ് മച്ചയെ ചികിത്സിച്ചത്. ശസ്ത്രക്രിയ കൂടാതെ തന്നെ മച്ച ജീവിതത്തിലേക്ക് തിരിച്ചെത്തി. 80 വയസ്സു കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമാണ് മച്ച. അദ്ദേഹത്തെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മകൻ ഷാജഹാൻ കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാസെക്രട്ടറിയാണ്.