മിടുക്കുണ്ടായിട്ടും കാര്യമില്ല; ഈ 10 തെറ്റുകൾ റെസ്യൂമെയിലുണ്ടെങ്കിൽ ജോലി കിട്ടില്ല
Mail This Article
തൊഴിലന്വേഷകര്‍ക്കായുള്ള വെബ്സൈറ്റുകളില്‍ കാണുന്ന അനുയോജ്യമായ കമ്പനികളിലേക്കെല്ലാം റെസ്യൂമേ മുറയ്ക്ക് അയയ്ക്കുന്നുണ്ട്. പക്ഷേ, എവിടെനിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല. നിങ്ങളുടെ യോഗ്യത പോരാഞ്ഞിട്ടോ നിങ്ങളെ പണിക്ക് കൊള്ളാഞ്ഞിട്ടോ ആകില്ല ഈ തണുത്ത പ്രതികരണം. വില്ലന്‍ ചിലപ്പോള്‍ ഇവിടെ നിങ്ങളുടെ റെസ്യൂമെ ആകാം. ഇനി പറയുന്ന തെറ്റുകള്‍ റെസ്യൂമേയില്‍ വരുത്തുന്നത് ജോലിക്കായി നിങ്ങളെ പരിഗണിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും.
1. ടൈപ്പിങ്, ഗ്രാമര്‍ തെറ്റുകള്‍
റെസ്യൂമെയില്‍ വരുത്തുന്ന ഗ്രാമര്‍ തെറ്റുകള്‍ നിങ്ങളുടെ ഭാഷാ വിജ്ഞാനത്തെ കുറിച്ച് അവമതിപ്പുണ്ടാക്കും. അതുപോലെ നിസ്സാരമായ ടൈപ്പിങ് തെറ്റുകള്‍ നിങ്ങള്‍ അലസമായിട്ടാണ് ഒരു റെസ്യൂമേ പോലും തയാറാക്കുന്നത് എന്ന ധാരണ സൃഷ്ടിക്കും.
2. സൂക്ഷ്മ വിവരങ്ങളുടെ അഭാവം
വെറുതേ കാര്യങ്ങള്‍ പറയുന്നതിനു പകരം സൂക്ഷ്മമായ വിശദാംശങ്ങള്‍ റെസ്യൂമേയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു തൊഴിലിനാണ് നിങ്ങള്‍ ശ്രമിക്കുന്നത് എന്നിരിക്കട്ടെ. ഏതെങ്കിലും ഒരു റസ്റ്ററന്റില്‍ ജോലി ചെയ്തിട്ടുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതിനു പകരം ആ റസ്റ്ററന്റില്‍ ഇരുപതോളം ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയും സൂപ്പര്‍വൈസ് ചെയ്യുകയും 20 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഭാഗഭാക്കാകുകയും ചെയ്തു എന്ന് കൊടുത്താല്‍ റെസ്യൂമെ കാണുന്നവര്‍ക്ക് ഒരു മതിപ്പുണ്ടാകും.
3. എല്ലാവര്ക്കും ഒരു റെസ്യൂമെ
ഓരോ സ്ഥാപനത്തിനും ഓരോ തൊഴില്‍ റോളിനും അനുസൃതമായി രൂപം നല്കിയതായിരിക്കണം നിങ്ങളുടെ റെസ്യൂമെ. എല്ലാവര്ക്കും അയയ്ക്കാവുന്ന തരത്തിലെ ജനറിക് റെസ്യൂമെ അയയ്ക്കുന്നത് അവ ചവറ്റുകുട്ടയില്‍ ഇടം പിടിക്കാന്‍ മാത്രമേ സഹായിക്കൂ.
4. ചുമതലകള്‍ക്ക് അമിത പ്രാധാന്യം
ഒരു റെസ്യൂമെയില്‍ നിങ്ങളുടെ മുന്‍ ജോലിയുടെ ഭാഗമായി നിങ്ങള്‍ നിര്‍വഹിച്ച ചുമതലകള്‍ വെറുതേ നിരത്തരുത്. ചുമതലകളെക്കാള്‍ നിങ്ങളുടെ നേട്ടങ്ങള്‍ക്ക് ആകണം ഊന്നല്‍. നിങ്ങള്‍ ആ സ്ഥാപനത്തില്‍ ഉണ്ടാക്കിയ പോസിറ്റീവായ മാറ്റങ്ങള്‍ അടിവരയിടണം.
5. ദീര്‍ഘവും ഹ്രസ്വവും
റെസ്യൂമെ പെരുമ്പാമ്പിനെപ്പോലെ നീണ്ടുനിവര്‍ന്നു കിടക്കരുത്. എന്നാല്‍ പ്രധാനപ്പെട്ട വിശദാംശങ്ങള്‍ വിട്ടുപോകുന്ന തരത്തില്‍ ചെറുതും ആകരുത്. പരമാവധി രണ്ടു പേജുകളില്‍ ഒതുക്കണം റെസ്യൂമെ.
6. അനാകര്‍ഷകമായ കരിയര്‍ സമ്മറി
റെസ്യൂമെയുടെ തുടക്കത്തില്‍ നല്കുന്ന കരിയര്‍ സമ്മറി അനാകര്ഷകമായാല് തുടര്‍ന്ന് അത് വായിക്കപ്പെടാനുള്ള സാധ്യത കുറയും.
7. ആക്ഷൻ പദങ്ങളുടെ അഭാവം
നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ആക്ഷൻ വെര്‍ബുകളുടെ സഹായത്തോടെ ഇംഗ്ലിഷില്‍ അവതരിപ്പിക്കുന്നതാകും നല്ലത്. ഇതിന്റെ അഭാവവും റെസ്യൂമെയെ വിരസമാക്കും.
8. പ്രധാന വിവരങ്ങള്‍ വിട്ടുകളയുന്നത്
നിങ്ങള്‍ അപ്രധാനമെന്നു കരുതുന്ന തൊഴില്പരിചയത്തില് പോലും ചിലപ്പോള്‍ അതില്‍നിന്ന് നിങ്ങള്‍ ആര്‍ജിച്ച സുപ്രധാന നൈപുണ്യങ്ങള്‍ ഉണ്ടാകാം. അവ റെസ്യൂമെയില്‍ വിട്ടുപോകരുത്.
9. പലതരം ഫോണ്ടുകള്‍
റെസ്യൂമെ വായിച്ചാല്‍ തലവേദനയുണ്ടാകുന്ന തരത്തില്‍ പലതരം ഫോണ്ടുകളും ഡിസൈന്‍ ഘടകങ്ങളും അതില്‍ ചേര്‍ക്കരുത്. കമ്പനിക്ക് അയയ്ക്കും മുന്‍പ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്കി ദൃശ്യപരമായ അതിന്റെ മേന്മ ഉറപ്പാക്കണം.
10. ബന്ധപ്പെടാനുള്ള വിവരങ്ങളിലെ തെറ്റ്
എല്ലാം മികച്ച രീതിയില്‍ ചെയ്തിട്ട് നിങ്ങളുടെ ഇ–മെയില്‍ വിലാസമോ ഫോണ്‍ നമ്പറോ തെറ്റിച്ചു കൊടുത്താല്‍ തീര്‍ന്നില്ലേ. ഇതിനാല്‍ ഇത്തരം വിവരങ്ങള്‍ പലതവണ പരിശോധിച്ച് ഉറപ്പാക്കണം.