പുതുവർഷത്തിൽ വേണം ലൈഫിനൊരു ‘ടേക്ഓഫ്’; ജീവിതം മാറ്റും 10 കാര്യങ്ങൾ
Mail This Article
കുറച്ചുകൂടി നന്നായി ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പക്ഷേ, അതിനു വേണ്ടി എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ 10 ലളിതമായ കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ഡിസി ഇക്കണോമിക്‌സിന്റെ ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റില്‍ പങ്കുവച്ച ഒരു ലേഖനം.
1. ഒരു ശതമാനം മെച്ചപ്പെടാം
നിങ്ങള്‍ ഇന്നലെ എങ്ങനെ ആയിരുന്നോ, അതില്‍നിന്ന് ഒരു ശതമാനമെങ്കിലും മെച്ചപ്പെടാന്‍ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കണം. 10 മിനിറ്റത്തേക്ക് ആണെങ്കില്‍ കൂടി പുതുതായി എന്തെങ്കിലും പഠിക്കാന്‍ നോക്കണം. ഒരു പുസ്‌തകം വായിക്കാനോ, ഒരു നല്ല പോഡ്‌കാസ്‌റ്റ് കേള്‍ക്കാനോ നിങ്ങള്‍ ആര്‍ജിക്കാന്‍ ആഗ്രഹിച്ച ഏതെങ്കിലും ഒരു നൈപുണ്യശേഷി നേടാനോ ഈ സമയം നീക്കിവയ്‌ക്കണം. ജിമ്മില്‍ പോയി പേശികള്‍ക്ക് വ്യായാമം നല്‍കുന്നതുപോലെ തന്നെ നിങ്ങളുടെ മനസ്സിനും വളരാന്‍ ആവശ്യമായത് എന്തെങ്കിലും ഓരോ ദിവസവും നല്‍കിക്കൊണ്ടിരിക്കണം.
2. ജോലിക്കു വേണം ഓഫ് ബട്ടനും
ജോലി തുടങ്ങാന്‍ മാത്രമല്ല, ജോലി അവസാനിപ്പിക്കാനും ഒരു നിശ്ചിത സമയവും ക്രമവും നിശ്ചയിക്കണം. അന്നത്തെ പ്രവൃത്തികൾ എല്ലാം തീര്‍ത്ത് കംപ്യൂട്ടര്‍ ഓഫാക്കി ഇന്ന് എന്തെല്ലാം നന്നായി ചെയ്‌തു എന്നുള്ള ആത്മവിചിന്തനം നടത്തണം. നാളെ ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടികയും തയാറാക്കണം. ഇന്നത്തെ ജോലികളെല്ലാം തീര്‍ത്തു എന്നുള്ള സന്ദേശം ഇതിലൂടെ തലച്ചോറിനു നല്‍കണം. ഇതിനു ശേഷം പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു വിശ്രമിക്കാനുള്ള സമയമാണ്.
3. ശ്രദ്ധാപൂര്‍വമാകണം സമൂഹമാധ്യമ ഉപയോഗം
ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ലിങ്ക്‌ഡ് ഇന്നിലുമൊക്കെ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങളുടെ അറിവ് വർധിപ്പിക്കാനും ഉതകുന്ന ആളുകളെ മാത്രം പിന്തുടരുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കുന്ന രീതിയില്‍ നിങ്ങളുടെ സാമൂഹിക മാധ്യമ ഫീഡുകള്‍ മാറ്റുക. നിങ്ങളുടെ ആരോഗ്യവും സർഗാത്മകതയും വ്യക്തിഗത വളര്‍ച്ചയും വളര്‍ത്തുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുക. അനാവശ്യമായ വിനോദങ്ങള്‍, കാര്യമില്ലാത്ത നാടകീയത, നിങ്ങള്‍ കാര്യമാക്കാത്ത വ്യക്തികളില്‍നിന്നുള്ള അപ്‌ഡേറ്റുകള്‍ എന്നിവ നോക്കി സമയം കളയരുത്.
4. ഉറക്കം പ്രധാനം
കുറഞ്ഞത് ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായ ഉറക്കം ദിവസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറങ്ങുമ്പോഴാണ് നിങ്ങളുടെ ശരീരം സ്വയം നവീകരിക്കുന്നത്.
5. ആരോഗ്യകരമായ ഭക്ഷണം
കഴിവതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ രുചിക്കു വേണ്ടി അനാരോഗ്യകരമായ ചേരുവകള്‍ അതില്‍ ഉണ്ടാവുകയില്ല.
6. കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുക
നിങ്ങളുടെ ഉറക്കം, ഹോര്‍മോണുകള്‍, മൂഡ് എന്നിവയെല്ലാം സ്വാധീനിക്കുന്ന ഒന്നാണ് സൂര്യപ്രകാശം. കുറഞ്ഞത് 20 മിനിറ്റെങ്കിലും വെയില്‍ ശരീരത്തില്‍ ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. രാവിലത്തെ സൂര്യരശ്‌മികള്‍ ആണെങ്കില്‍ ഏറ്റവും മികച്ചത്.
7. സപ്ലിമെന്റുകളില്‍നിന്നല്ല ഭക്ഷണത്തില്‍നിന്ന് പോഷണം
മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനു പകരം നല്ല പോഷണമൂല്യമുള്ള ഭക്ഷണം കഴിക്കുക. കരള്‍, ഹൃദയം പോലുള്ള മൃഗങ്ങളുടെ അവയവങ്ങള്‍ പ്രകൃതിദത്തമായ സൂപ്പര്‍ ഫുഡുകളാണ്.
8. ഉണര്‍ന്ന് ആദ്യ മണിക്കൂര്‍ തന്നെ കാപ്പി കുടിക്കരുത്
നമ്മുടെ ശരീരത്തിലെ സ്വാഭാവിക കോര്‍ട്ടിസോള്‍ ഉച്ചസ്ഥായിയില്‍ എത്തും മുന്‍പ് കാപ്പി പോലെ കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കരുത്. നാരങ്ങ പിഴിഞ്ഞ ചെറുചൂട് വെള്ളം പോലുള്ള പാനീയങ്ങളുമായി ദിവസം ആരംഭിക്കാം.
9. ആശ്വാസവും സ്റ്റൈലും ഒരുമിച്ച്
കോട്ടൺ വസ്ത്രങ്ങളാണു വേനൽക്കാലത്ത് ഏറെ അനുയോജ്യം. കോട്ടൺ വസ്ത്രങ്ങളെക്കാൾ ഭാരം കുറഞ്ഞവയാണു സോഫ്റ്റ് കോട്ടൺ. ഏതു പ്രായത്തിലുള്ളവർക്കും ഫാഷനും സ്റ്റൈലും എല്ലാം അനുസരിച്ചു സോഫ്റ്റ് കോട്ടൺ വസ്ത്രങ്ങൾ ലഭിക്കും. വായു സഞ്ചാരം കൂടുതൽ കോട്ടൺ വസ്ത്രങ്ങൾ അനുവദിക്കും.
10. ഭക്ഷണം കഴിക്കാം, പരീക്ഷണങ്ങള്‍ വേണ്ട
ലോ ഫാറ്റ്, കീറ്റോ സൗഹൃദം, ഷുഗര്‍ ഫ്രീ എന്നിങ്ങനെ പല ലേബലുകളില്‍ വരുന്ന പായ്‌ക്ക് ചെയ്‌ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ലളിതമായ ഒറ്റ ചേരുവ ഭക്ഷണങ്ങള്‍ കഴിവതും പിന്തുടരുക.