ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവകലാശാല വരുന്നു
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ സർക്കാരിനു കീഴിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ചു ടൂറിസം വകുപ്പ് പഠിക്കുന്നു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. പഠനം ഏകോപിപ്പിക്കാൻ വകുപ്പിനു കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി(കിറ്റ്സ്)നെ ചുമതലപ്പെടുത്തി. സ്പെഷൽ ഓഫിസറായി ഹോസ്പിറ്റാലിറ്റിയുടെ ചുമതലയുള്ള ടൂറിസം അഡീഷനൽ ഡയറക്ടറെ നിയോഗിച്ചു.
കിറ്റ്സ് ഉൾപ്പെടെ ഒട്ടേറെ അക്കാദമിക് സ്ഥാപനങ്ങൾ ടൂറിസം വകുപ്പിനു കീഴിലുണ്ട്. കണ്ണൂരിൽ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടും വിവിധ ജില്ലകളിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. ഇവയെ എല്ലാം സർവകലാശാലയ്ക്കു കീഴിൽ സംയോജിപ്പിക്കുകയാണു ലക്ഷ്യം. ടൂറിസം മേഖലയിൽ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകൾക്ക് അഫിലിയേഷനും നൽകാനാകും.
തിരുവനന്തപുരം ആസ്ഥാനമായ കിറ്റ്സിന്റെ പശ്ചാത്തല സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സർവകലാശാലയാക്കി വികസിപ്പിക്കാമെന്നതാണ് ഒരു ആശയം. വിദഗ്ധസമിതി തയാറാക്കുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടൂറിസം വകുപ്പ് പദ്ധതിരേഖ തയാറാക്കും. വിവിധ വകുപ്പുകളിലും മന്ത്രിസഭയിലും ചർച്ച ചെയ്ത ശേഷമാകും തീരുമാനം.
രാജ്യത്ത് മറ്റെവിടെയും വിനോദസഞ്ചാരം, അതിഥി പരിപാലനം എന്നിവയ്ക്കായി സർവകലാശാല ഇല്ലെന്നതു കേരളത്തിനു ഗുണകരമാകും. എന്നാൽ അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ നിയമനം ഉൾപ്പെടെ വലിയ സാമ്പത്തികച്ചെലവ് വരും. സർക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കുമ്പോൾ പുതിയൊരു സർവകലാശാലയ്ക്ക് കടമ്പകളേറെയാണ്.