കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് 15 മിനിറ്റ് അധികം അനുവദിക്കും
Mail This Article
ന്യൂഡൽഹി ∙ കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് 15 മിനിറ്റ് അധികമായി അനുവദിക്കും. പുതിയ സിലബസ് അനുസരിച്ചുള്ള പരീക്ഷ ഡിസംബർ മുതൽ നടപ്പാക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) അധികൃതർ വ്യക്തമാക്കി. ഡിസംബറിൽ നടക്കുന്ന സിഎസ് എക്സിക്യൂട്ടീവ്, പ്രഫഷനൽ പരീക്ഷകളുടെ റജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചിരുന്നു.
പരീക്ഷയുടെ ഓരോ പേപ്പറിനും അധികമായി 15 മിനിറ്റ് അനുവദിക്കുമെന്നും ചോദ്യക്കടലാസ് വായിച്ചു തയാറെടുപ്പു നടത്താൻ ഇതിലൂടെ പരീക്ഷാർഥികൾക്ക് അധിക സമയം ലഭിക്കുമെന്നും ഐസിഎസ്ഐ പ്രസിഡന്റ് മനീഷ് ഗുപ്ത പറഞ്ഞു. സിഎസ് എക്സിക്യൂട്ടീവ് കോഴ്സിൽ പഴയ സിലബസിൽ പഠനം നടത്തിയവർക്ക്, ഇതനുസരിച്ചുള്ള പരീക്ഷയെഴുതാൻ ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജൂണിലും അവസരമുണ്ട്.
അതേസമയം ഇവർക്കു പുതിയ സിലബസിലും പരീക്ഷയെഴുതാൻ സാധിക്കും. സിഎസ് പ്രഫഷനൽ കോഴ്സിൽ പുതിയ സിലബസ് അനുസരിച്ചുള്ള ആദ്യ പരീക്ഷ അടുത്ത ജൂണിലാണു നടപ്പാക്കുക. പഴയ സിലബസുകാർക്കു 2024 ജൂൺ, ഡിസംബർ പരീക്ഷകളിലും അവസരം ലഭിക്കും. പഴയ സിലബസിൽ റജിസ്റ്റർ ചെയ്തവർക്കു പുതിയ സിലബസിലേക്കു മാറാനുള്ള നടപടികൾ ഈ മാസം 21ന് ആരംഭിക്കും.