കേരള: 3 വിഷയങ്ങളിൽ 4 വർഷ ഡിഗ്രി തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ 3 വിഷയങ്ങളിൽ 4 വർഷ ഡിഗ്രി പ്രോഗ്രാമുകൾക്കു തുടക്കം. ബിഎ ഓണേഴ്സ് ഇൻ ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ, ബിഎ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്‌സി ഓണേഴ്സ് ഇൻ ലൈഫ് സയൻസ് എന്നിവയാണ് കാര്യവട്ടം ക്യാംപസിൽ ആരംഭിച്ചത്. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ വിദ്യാർഥികളുമായി സംവദിച്ചു.
ഡിഗ്രിക്ക് ഒരു വിഷയം മെയിൻ ആയി തിരഞ്ഞെടുത്തവർക്ക് പിന്നീട് അതു മാറ്റാൻ പ്രോഗ്രാമിന്റെ ഘടന അനുസരിച്ചു സാധ്യമല്ല. പ്രവേശനം നേടിയ ഡിഗ്രി പ്രോഗ്രാം തന്നെ 3 വർഷവും പഠിക്കണം.
അതേസമയം വിഷയം തിരഞ്ഞെ ടുക്കാൻ മൂന്നാം സെമസ്റ്റർ വരെ സമയമുണ്ട്. വർഷം നഷ്ടപ്പെടില്ലെന്നു മാത്രമല്ല, പിജിയില്ലാതെ ഗവേഷണത്തിനു ചേരാമെന്നതിനാൽ ഒരു വർഷം ലാഭിക്കുകയും ചെയ്യാം. ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് നാലാം വർഷത്തെ ഓണേഴ്സ് വിത്ത് റിസർച് പഠിക്കാം. ഗവേഷണത്തിനു താൽപര്യമില്ലെങ്കിൽ 3 വർഷത്തിനു ശേഷം ബിരുദധാരിയായി പുറത്തിറങ്ങാം.
പ്ലസ് ടുവിനു 98% വരെ മാർക്കുള്ള വിദ്യാർഥികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം ലഭിച്ചത്. 30 സീറ്റ്. അടുത്തവർഷം മുതൽ പ്രവേശനപരീക്ഷ ഉണ്ടായിരിക്കും.