ADVERTISEMENT

ഒന്നും രണ്ടും അഞ്ചും പത്തുമൊക്കെ മിഠായി വാങ്ങി തീർക്കാറില്ലേ, എന്നാൽ നമ്മളെ പോലെ ഒരു കൂട്ടം കൂട്ടുകാർ ആ  ചില്ലറത്തുട്ടുകൾ ചേർത്തുവച്ച് നിർമിച്ചതാണ് ഈ വീട്. പൈസ കൊണ്ടു മാത്രമല്ല, കട്ട ചുമന്നും സിമന്റ് കുഴച്ചും ഇവർ വീട് നിർമാണത്തിൽ സജീവമായി. എങ്ങനെയെന്നല്ലേ, കഥ മുഴുവൻ വായിക്കാം...

‘‘വീടൊരുക്കാൻ ധനസമാഹരണം മാത്രമല്ല, അവധിദിവസങ്ങളിൽ കട്ട ചുമക്കാനും സിമന്റ് കുഴയ്ക്കാനും പെയിന്റ് അടിക്കാനും ഞങ്ങളെത്തി, ഇതു ഞങ്ങളുടെ സഹപാഠിക്കു വേണ്ടിയല്ലേ...’’ കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർ നിയ ഫിലിപ്പിന്റെ വാക്കുകളിൽ സന്തോഷവും സഹപാഠിയോടുള്ള കരുതലും നിറഞ്ഞു. ഇതു നിയയുടെ മാത്രം കാര്യമല്ല, സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ള 149 എൻഎസ്എസ് വൊളന്റിയർമാരും സന്തോഷത്തിലാണ്. അവരുടെ ഒരു വർഷത്തെ സ്വപ്നമായിരുന്ന ഭവനത്തിലേക്കു കേരളപ്പിറവി ദിനത്തിൽ സഹപാഠി താമസം മാറി. കൂട്ടുകാർ കൂട്ടിച്ചേർത്തു നിർമിച്ച വീടിനു ‘കൂട്’ എന്നല്ലാതെ മറ്റെന്ത് പേരിടാൻ.

കൂട് ഒരുക്കൽ

എൻഎസ്എസ് വൊളന്റിയർമാർ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ‘കൂടൊരുക്കാം കൂടെ നിൽക്കാം’ എന്നു പേരിട്ട കുടുക്കകൾ കൊടുത്താണു ധനസമാഹരണം നടത്തിയത്. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന 450ലേറെ കുട്ടികൾ തങ്ങൾക്കു കിട്ടിയ കുടുക്ക നിറയ്ക്കാനുള്ള പരിശ്രമം നടത്തിയതോടെ വീട്ടുകാരും നാട്ടുകാരും കൂടെച്ചേർന്നു. 

ന്യൂസ് പേപ്പർ ചാലഞ്ച്, ആക്രി ചാലഞ്ച്, ഐസ്ക്രീം സ്റ്റാൾ, കേക്ക് ഫെസ്റ്റ്, ഡിഷ് വാഷ് വിൽപന എന്നിവയിലൂടെ ലഭിച്ച തുകയും അധ്യാപകരും പൂർവ വിദ്യാർഥികളും, പൂർവ അധ്യാപകരും ചേർന്നു നൽകിയ വിവിധ സഹായങ്ങളും ‘കൂട്’ നിർമാണത്തിനു കരുത്തായി. അവധി ദിനങ്ങളിൽ എൻഎസ്എസ് വൊളന്റിയർമാർ വീടു പണിക്കു കൂടെ നിൽക്കും. അവരും മേസ്തിരിയും പെയിന്ററുമായി. വേനവലധിക്കാലത്തു കൂടുതൽ പണിപൂർത്തിയാക്കാൻ സാധിച്ചതു കൊണ്ടാണ് ആഗ്രഹം പോലെ കേരളപ്പിറവി ദിനത്തിൽ തന്നെ വീടു നൽകാൻ സാധിച്ചത്.

കൂട്ടിലേക്ക്

നാഷനൽ സർവീസ് സ്കീമിന്റെ സ്നേഹഭവനം പദ്ധതിയിലൂടെയാണു സഹപാഠിക്കു വീടു വച്ചു നൽകിയത്. പദ്ധതി വഴി ഒരാൾക്കു വീടു വച്ചു നൽകാമെന്ന് വാർഡ് മെംബർ റിച്ചാർഡ് കടപ്പുറത്തുവീടിനെ അറിയിച്ചു. തുടർന്നു വാർഡ് മെംബറാണ് അതേ സ്കൂളിലെ തന്നെ വിദ്യാർഥിയുടെ പശ്ചാത്തലം എൻഎസ്എസിനെ അറിയിച്ചത്. അതോടെ കഴിഞ്ഞ വർഷം സെപ്റ്റംബർ 24നു ധനസമാഹരണം തുടങ്ങി. ജനുവരി പത്തിന് തറക്കല്ലിട്ടു സ്വപ്നഭവനത്തിന്റെ നിർമാണം തുടങ്ങി. കയർത്തൊഴിലാളിയായ അച്ഛനും അസുഖം ബാധിച്ച അമ്മയും സഹോദരിയുമായി അടച്ചുറപ്പില്ലാത്ത ഷെഡിൽ താമസിച്ചിരുന്ന വിദ്യാർഥിക്കാണു വീട് ലഭിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 19–ാം വാർഡിലാണ് 500 ചതുരശ്രയടിയിൽ രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും അടങ്ങുന്ന വീട് നിർമിച്ചത്.

കഴിഞ്ഞ ദിവസം ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ ഭവനം ആശീർവദിച്ചു. വീടിന്റെ താക്കോൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ കുടുംബത്തിനു സമർപ്പിച്ചു. പ്രിൻസിപ്പൽ കെ.എസ്.സൈറസ്, എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡിമ്പിൾ ബെർട്ടി ആൻസലാം മറ്റു അധ്യാപകർ തുടങ്ങിയവരുടെ പിന്തുണയും കുട്ടികൾക്ക് ഉണ്ടായിരുന്നു.

Content Summary:

The Inspiring Journey of Students Building a House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com