90,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ഗവേഷണത്തിന് ലഭിക്കും; കെ–ഡിസ്ക് : പേറ്റന്റ് സ്വന്തമാക്കി മൂന്ന് യുവസംരഭകർ
Mail This Article
പത്തനംതിട്ട ∙ സർക്കാർ സംരംഭമായ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) പദ്ധതിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈഐപി) ജില്ലയിൽ നിന്നു 3 യുവസംരംഭകർക്ക് പേറ്റന്റ്. കെ.എം. അഭിഷേക്, ഐശ്വര്യ എസ്. നായർ, ഷീന എസ്. രാജ് എന്നിവർക്ക് അഗ്രോടെക്ക്, പ്രകൃതിദത്ത ഔഷധം, ഡെന്റൽ എന്നീ വിഷയങ്ങളിൽ പേറ്റന്റ് ലഭിച്ചത്. മുന്നോട്ടുള്ള ഗവേഷണങ്ങൾക്കായി 90,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ധനസഹായമായി ലഭിക്കും.
അഭിഷേകിന്റെ കൃഷിപാഠം
അടൂർ വടക്കടത്തുകാവ് സ്വദേശിയായ കെ.എം.അഭിഷേക് പുതിയ കൃഷിപാഠങ്ങളാണ് തന്റെ ‘അഗ്രോ സ്പേസ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കൃഷി ചെയ്യുന്നതിനായും അവയുടെ വളർച്ച നിരീക്ഷിക്കുന്നതിനായും നിർമിച്ച ഉപകരണമാണ് അഗ്രോ സ്പേസ്. കുറഞ്ഞ ചെലവിൽ കൂടുതൽ ഫലം കിട്ടുന്ന ജൈവകൃഷിരീതികളും പ്രവർത്തനങ്ങളും അഗ്രോ സ്പേസിലൂടെ നേടാനാകും. ഒന്നാം ഘട്ടം പൂർത്തിയാക്കിയ ഈ പദ്ധതിക്കായി 80,000 രൂപയാണ് കെ–ഡിസ്കിൽ നിന്നു അനുവദിച്ചത്. ഇതിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാനുള്ള തിരക്കിലാണ് എൻജിനീയറിങ് വിദ്യാർഥിയായ അഭിഷേക്, കോതമംഗലം എം.എ. കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ വിദ്യാർഥിയാണ് അഭിഷേക്. അടൂർ കടുവങ്കൽ വീട്ടിൽ കെ.ആർ. മനു, ദീപ ദമ്പതികളുടെ മകനാണ്.
ഐശ്വര്യയുടെ ഔഷധ സ്പ്രേ
മുറിവുണക്കാനുള്ള പ്രകൃതിദത്തമായ ഔഷധസ്പ്രേയുടെ ഗവേഷണത്തിലാണ് ഐശ്വര്യയും സുഹൃത്ത് അഞ്ജനയും. അടൂർ അരമനപ്പടി സ്വദേശിനി ഐശ്വര്യ എസ്. നായർ തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ എംഎസ്‌സി ബയോകെമിസ്ട്രി വിദ്യാർഥിനിയായിരിക്കെ തന്റെ ആറ് സുഹൃത്തുക്കളുമായി ചേർന്നാണ് ഹെർബൽ വൂൺഡ് ഹീലിങ്സ് എന്ന ആശയവുമായി കെ-ഡിസ്കിലേക്ക് എത്തുന്നത്. പഠനം പൂർത്തിയാക്കിയതിനുശേഷം മറ്റു തിരക്കുകൾ കാരണം അഞ്ച് സുഹൃത്തുകൾക്ക് പദ്ധതിയിൽനിന്നു പിന്മാറേണ്ടിവന്നു. ശേഷം ഐശ്വര്യയും അഞ്ജനയും അധ്യാപകരുടെ സഹായത്തോടെ പദ്ധതി ഭൂരിഭാഗവും പൂർത്തിയാക്കി. ഗവേഷണത്തിനായി രണ്ട് ലക്ഷം രൂപ സർക്കാർ ധനസഹായം അനുവദിച്ചിരുന്നതായി ഐശ്വര്യ പറഞ്ഞു. അടൂർ കയ്യാലയ്ക്കൽ പുത്തൻവീട്ടിൽ ജി.സുകുമാരൻ നായരുടെയും രാധാമണിയുടെയും മകളാണ്.
പല്ലുവേദനയ്ക്ക് മരുന്നുമായി ഷീന
റൂട്ട് കനാൽ പോലുള്ള ഡെന്റൽ ചികിത്സ നടത്തുന്നർക്ക് വീണ്ടും പല്ലുവേദന വരാറുണ്ട്. ഇതിന് കാരണമാകുന്ന പ്രത്യേക തരം സൂക്ഷ്മജീവികൾക്കെതിരേയുള്ള മരുന്നാണ് ഷീനാ എസ്. രാജ് എന്ന യുവ ഗവേഷക കണ്ടെത്തിയത്. 2020ൽ തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളജ് വിദ്യാർഥിനിയായിരിക്കെയാണ് ഷീന ഗവേഷണമാരംഭിക്കുന്നത്. 90 ശതമാനവും പൂർത്തിയായ ഗവേഷണത്തിന് സർക്കാരിൽ നിന്നു 90,000 രൂപ അനുവദിച്ചു. പഠനം പൂർത്തിയാക്കിയ ഷീന മലബാർ ഡെന്റൽ കോളജിൽ ജോലി ചെയ്യുകയാണ്. തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയാണ് ഷീന. ശ്യാം നിവാസിൽ പരേതനായ വിജയരാജാണ് അച്ഛൻ, അമ്മ ഷീബ വി.രാജ്.