വിദേശത്തെ എംബിബിഎസ് പഠനം; ഇന്റേൺഷിപ്പിന് മാർഗനിർദേശം
Mail This Article
ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിൽ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഇന്റേൺഷിപ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ വിശദീകരണം ഇറക്കി. പല സംസ്ഥാന മെഡിക്കൽ കമ്മിഷനുകളും വിദ്യാർഥികളുമെല്ലാം പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. യുക്രെയ്ൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നു പഠനം പൂർത്തിയാക്കിയവർക്കുവേണ്ടിയാണു വിശദീകരണം.
∙യുക്രെയ്ൻ
യുക്രെയ്നിൽനിന്നു പഠനം ഓഫ്‌ലൈനായി പൂർത്തിയാക്കി മടങ്ങിയെത്തിയവർ സംസ്ഥാന മെഡിക്കൽ കൗൺസിലിൽ പ്രൊവിഷനൽ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഒരു വർഷത്തെ നിർബന്ധിത ക്ലിനിക്കൽ ഇന്റേൺഷിപ് പൂർത്തിയാക്കണം. ഇന്ത്യയിലെ മെഡിക്കൽ വിദ്യാർഥികൾക്കു നൽകുന്ന സ്റ്റൈപ്പൻഡ് ഇവർക്കു ലഭ്യമാക്കണം.
കോവിഡ്, യുദ്ധ സാഹചര്യങ്ങളിൽ അവസാനവർഷം പഠനം പൂർത്തിയാക്കാതെ ഇന്ത്യയിൽ മടങ്ങിയെത്തുകയും ഓൺലൈൻ രീതിയിൽ പഠനവും പരീക്ഷയും പൂർത്തിയാക്കുകയും ആണെങ്കിൽ ഒരു വർഷത്തെ ക്ലിനിക്കൽ പഠനം ഇന്ത്യയിൽ പൂർത്തിയാക്കണം. ഇന്ത്യയിലെ മെഡിക്കൽ കോളജുകൾക്ക് ഇവരിൽ നിന്നു പ്രതിമാസം 5000 രൂപ വരെ ഈടാക്കാം.
ഒരു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തിനു ശേഷം കോളജ് അധികൃതരിൽനിന്നു ലഭിക്കുന്ന ലോഗ് ബുക് വിവരങ്ങൾ പരിശോധിച്ച ശേഷം ഇവർക്ക് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കാം. അവസാനവർഷത്തിനു മുൻപു മടങ്ങിയെത്തിയവരാണെങ്കിൽ 2 വർഷത്തെ ക്ലിനിക്കൽ പരിശീലനവും തുടർന്ന് ഒരു വർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കണം.
യുക്രെയ്നിൽനിന്നു യുദ്ധ സാഹചര്യത്തിൽ മടങ്ങിയെത്തിയവർക്കു മറ്റേതെങ്കിലും രാജ്യത്തു പഠനം തുടരാനുള്ള അവസരം 2022 സെപ്റ്റംബറിൽ നൽകിയിരുന്നു. ഈ അവസരം ഉപയോഗിക്കുന്നവർ 3 മാസത്തിനുള്ളിൽ ട്രാൻസ്ഫർ, മൊബിലിറ്റി സേവനം പ്രയോജനപ്പെടുത്തണമെന്നും എൻഎംസി വ്യക്തമാക്കിയിട്ടുണ്ട്.
∙ ഫിലിപ്പീൻസ്
ഫിലിപ്പീൻസിലെ ബിഎസ് കോഴ്സിനുള്ള അംഗീകാരം 2021 നവംബറിൽ എൻഎംസി റദ്ദാക്കിയിരുന്നു. വിജ്ഞാപന സമയത്തു പഠനം നടത്തിയിരുന്നവർക്കും അതിനു ശേഷം അഡ്മിഷൻ എടുത്തവർക്കും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാൻ അംഗീകാരമില്ലെന്ന് എൻഎംസി വ്യക്തമാക്കുന്നു. അതേസമയം, എംഡി കോഴ്സിന് ഇന്ത്യയിൽ അംഗീകാരമുണ്ട്. എഫ്എംജിഇ പരീക്ഷ വിജയിച്ച ശേഷം ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കണം.
∙ എഫ്എംജി പരീക്ഷ
വിദേശ സ്ഥാപനങ്ങളിലെ പഠനം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ എഫ്എംജി, നെക്സ്റ്റ് പരീക്ഷയെഴുതണമെന്നും എൻഎംസി വ്യക്തമാക്കുന്നു.