വയസ്സ് 105, ഇനിയും പഠിക്കണമെന്ന് കുഞ്ഞിപ്പെണ്ണ്, ജീവിതത്തിൽ ആദ്യമായി പരീക്ഷയെഴുതി
Mail This Article
പെരിന്തൽമണ്ണ ∙ 105 വയസ്സൊന്നും ഒരു പ്രായമായി കാണുന്നില്ലെന്നും തനിക്ക് ഇനിയും പഠിക്കണമെന്നും കുഞ്ഞിപ്പെണ്ണ്. ജീവിതത്തിൽ ആദ്യമായി സ്‌കൂളിലെത്തി പരീക്ഷയെഴുതിയ കുഞ്ഞിപ്പെണ്ണിന് അഭിമാനം. പാങ്ങ് വടക്കേക്കര വടക്കേതിൽ കുഞ്ഞിപ്പെണ്ണ് ഇന്നലെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ മികവുത്സവ പരീക്ഷയാണ് എഴുതിയത്. അതും സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവായി. പാങ്ങ് ജിഎൽപി സ്‌കൂളിലായിരുന്നു പരീക്ഷ.
കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം–ഉല്ലാസ് സാക്ഷരതാ പരീക്ഷയാണ് കുഞ്ഞിപ്പെണ്ണ് ആഘോഷമായി എഴുതിയത്. പൊന്നാട അണിയിച്ച് ആദരിച്ച് മഞ്ഞളാംകുഴി അലി എംഎൽഎ പരീക്ഷയുടെ ചോദ്യക്കടലാസ് കൈമാറിയപ്പോൾ കുഞ്ഞിപ്പെണ്ണ് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. പിന്നെ ചോദ്യങ്ങളെന്തെന്ന് സംശയനിവൃത്തി വരുത്തി, ഇതെല്ലാം എളുപ്പമെന്ന മട്ടിൽ ചിരിച്ചു. വളരെ ചെറുപ്പത്തിലേ വിവാഹിതയായ കുഞ്ഞിപ്പെണ്ണ് സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ല. കുട്ടിക്കാലത്തു സ്‌കൂളിൽ പഠിക്കാൻ സാധിക്കാത്തതിൽ വലിയ സങ്കടമുണ്ടെന്നു കുഞ്ഞിപ്പെണ്ണ് പറയുന്നു. എല്ലാവർക്കും വേണ്ടി കുഞ്ഞിപ്പെണ്ണ് പാട്ടും പാടി.
ഇവരുടെ ഭർത്താവ് അയ്യപ്പൻ മരിച്ചു. ഏഴ് മക്കളിൽ 5 മക്കളേ ജീവിച്ചിരിപ്പുള്ളൂ. 26 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്കും കുട്ടികളായി. അവരും 26 പേരുണ്ട്. തന്റെ പഠനത്തിനും പരീക്ഷയ്‌ക്കും മക്കളും പേരക്കുട്ടികളും പേരമക്കളുമെല്ലാം പ്രോത്സാഹനവും പിന്തുണയും നൽകിയതായി കുഞ്ഞിപ്പെണ്ണ് പറഞ്ഞു. ഇന്നലെ മകൻ നാരായണനും പേരമകൻ വിനു നാരായണനും വിനുവിന്റെ മകനുമൊപ്പമാണ് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്.