ലക്ഷദ്വീപ്: സ്കൂളുകളിൽനിന്ന് കേരള സിലബസ് പുറത്ത്
Mail This Article
കൊച്ചി ∙ ലക്ഷദ്വീപിലെ സ്കൂളുകളിൽ കേരള മലയാളം സിലബസ് നിർത്തലാക്കാൻ തീരുമാനിച്ചു. അടുത്ത അധ്യയനവർഷം മുതൽ മുഴുവൻ സർക്കാർ സ്കൂളുകളും സിബിഎസ്ഇ സിലബസ് ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിദ്യാഭ്യാസ നിലവാരം ഉയർത്താനും മത്സരപ്പരീക്ഷകളിലുൾപ്പെടെ കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്താനുമാണിതെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
എസ്‌സിഇആർടി കേരള മലയാളം മീഡിയം സിലബസാണ് ഇതുവരെ ദ്വീപിലെ സർക്കാർ സ്കൂളുകൾ പിന്തുടർന്നിരുന്നത്. മാറ്റത്തിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കാൻ എല്ലാ സ്കൂളുകളുടെയും പ്രിൻസിപ്പൽമാരോട് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 2024–25 ൽ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടുന്ന കുട്ടികളുടെ പഠനം സിബിഎസ്ഇ സിലബസിലായിരിക്കും.
നിലവിൽ കേരള സിലബസ് പഠിക്കുന്ന 2 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികളെയും സിബിഎസ്ഇയിലേക്കു മാറ്റും.പൊടുന്നനെയുള്ള മാറ്റം ബോർഡ് കുട്ടികളുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്നതു കണക്കിലെടുത്ത് 9, 10 ക്ലാസ് വിദ്യാർഥികളെ സിബിഎസ്ഇയിലേക്കു മാറ്റാൻ 2 വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ത്രിഭാഷാ പഠനനയം അനുസരിച്ചു വിദ്യാർഥികൾക്ക് 12–ാം ക്ലാസ് വരെ ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ പഠിക്കാൻ അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് ദഹിയയുടെ ഉത്തരവിലുണ്ട്. തീരുമാനം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പി.പി.മുഹമ്മദ് ഫൈസൽ എംപി കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രിമാർക്കു കത്തയച്ചു.