യുജിസി അംഗീകാരം: കോളജുകളുടെ അപേക്ഷ ഓൺലൈനിൽ മാത്രം
Mail This Article
ന്യൂഡൽഹി ∙ യുജിസി അംഗീകാരം തേടാൻ ഇനി കോളജുകളുടെ അപേക്ഷകൾ ഓൺലൈനായി മാത്രമാകും സ്വീകരിക്കുക. ഇതടക്കമുള്ള വ്യവസ്ഥകൾ അടങ്ങിയ കരടുചട്ടം യുജിസി പ്രസിദ്ധീകരിച്ചു. നിലവിൽ ഓൺലൈൻ രീതിക്കു പുറമേ ഓഫ്‍ലൈനായും അപേക്ഷ സ്വീകരിക്കാറുണ്ട്. 2009 ലെ ചട്ടത്തിനു പകരമായാണ് പുതിയത് കൊണ്ടുവരുന്നത്.
അപേക്ഷ നൽകിയാൽ നിശ്ചിത സമയപരിധിക്കകം അത് പരിഗണിച്ചിരിക്കണ മെന്നും കരടുചട്ടത്തിലുണ്ട്. 7 തരം രേഖകളാണ് കോളജുകൾ സമർപ്പിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ച് 60 ദിവസത്തിനകം അഫിലിയേഷൻ നൽകുന്ന സർവകലാശാല നിരീക്ഷണങ്ങളും ശുപാർശകളും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷയിൽ പ്രശ്നമുണ്ടെങ്കിൽ കോളജിന് തിരിച്ചയയ്ക്കണം. തുടർന്ന് കോളജ് വീണ്ടും അപേക്ഷ നൽകണം. സർവകലാശാലയുടെ അഭിപ്രായം ലഭിച്ചത് 90 ദിവസത്തിനകം യുജിസി അപേക്ഷ പരിഗണിച്ച് തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അംഗീകാരം സംബന്ധിച്ച സർട്ടിഫിക്കറ്റ് യുജിസി പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കോളജ് സംബന്ധിച്ച പരിശോധനകൾ നേരിട്ടോ വെർച്വലായോ നടത്താൻ യുജിസിക്ക് തീരുമാനമെടുക്കാം. കരടുചട്ടത്തിന്മേൽ ജനുവരി 20 വരെ അഭിപ്രായം രേഖപ്പെടുത്താം. ഇമെയിൽ: suggestions.collegesregulation@gmail.com കരടുചട്ടം വായിക്കാൻ: ugc.gov.in