അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി–ടെറ്റ്, സെറ്റും ഒരേ ദിവസം; ഉദ്യോഗാർഥികൾ ആശങ്കയിൽ
Mail This Article
കണ്ണൂർ ∙ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി–ടെറ്റ്, സെറ്റ് എന്നീ പരീക്ഷകൾ ഒരേ ദിവസമെത്തിയതോടെ ഉദ്യോഗാർഥികൾ ആശങ്കയിലായി. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി–ടെറ്റ്. ഹയർസെക്കൻഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്ഥാന സർക്കാർ നടത്തുന്ന പരീക്ഷയാണ് സെറ്റ്. ഈ മാസം 21ന് ആണ് 2 പരീക്ഷകളും. രാജ്യവ്യാപകമായി നടക്കുന്ന സി–ടെറ്റ് മാറ്റിവയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ സെറ്റിന്റെ തീയതി മാറ്റണമെന്നാണ്് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.
ബിരുദാനന്തര ബിരുദവും ബിഎഡുമാണ് സെറ്റിനുള്ള യോഗ്യത. എന്നാൽ, സെറ്റ് അപേക്ഷകരിലേറെയും ബിഎഡിനൊപ്പം ബിരുദം യോഗ്യതയായുള്ള സി–ടെറ്റിനും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇവർക്ക് ഇതിലേതെങ്കിലും ഒന്നേ എഴുതാനാകൂ എന്നതാണ് നിലവിലെ സ്ഥിതി.
സെറ്റ് പരീക്ഷയ്ക്ക് ഒരു ജില്ലയിൽത്തന്നെ വിവിധ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും സി–ടെറ്റിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേ പരീക്ഷാ കേന്ദ്രങ്ങളുള്ളൂ. ഇരു പരീക്ഷകളുടെയും ഹാൾടിക്കറ്റ് കഴിഞ്ഞ ദിവസം മുതൽ ലഭ്യമായിത്തുടങ്ങി.