വിദ്യാഭ്യാസ ഏജൻസികൾക്ക് റജിസ്ട്രേഷന് ശുപാർശ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന ഏജൻസികളെ നിയന്ത്രിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നൽകിയ ശുപാർശകൾ നിയമ വകുപ്പ് പരിശോധിക്കുന്നു. കൗൺസിൽ തയാറാക്കിയ കരടു ബില്ലാണ് വകുപ്പിന്റെ പരിഗണനയിലുള്ളത്.
വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കുന്നതിനു നിയമനിർമാണം നടത്തണമെന്നു കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി യോഗമാണ് തീരുമാനിച്ചത്. കോടതി നിർദേശപ്രകാരമാണു നടപടി. ഇതു സംബന്ധിച്ച് ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകൾ ഗവേണിങ് ബോഡി അംഗീകരിച്ചിരുന്നു.
ഏജൻസികൾക്ക് നിശ്ചിത ഫീസ് വാങ്ങി റജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നു ശുപാർശയുണ്ട്. റജിസ്ട്രേഷന് ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ സംവിധാനം ഏർപ്പെടുത്തണമെന്നും ശുപാർശയുണ്ട്. നിയമവകുപ്പ് തയാറാക്കുന്ന കരട് ബിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു സമർപ്പിക്കും. തുടർന്ന് മന്ത്രിസഭ അംഗീകരിച്ച ശേഷം നിയമസഭയിൽ അവതരിപ്പിക്കും.
വീഴ്ച വരുത്തിയാൽ പിഴയ്ക്ക് നിർദേശം
വിദേശ സർവകലാശാലകൾക്കും കോഴ്സുകൾക്കും അംഗീകാരമുണ്ടോ, ഏജൻസികൾക്ക് അക്രഡിറ്റേഷനുണ്ടോ, വിദ്യാർഥിക്കു വർക് പെർമിറ്റ് ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുക, പ്രവേശന നടപടികൾ സുതാര്യമാക്കുക എന്നിവയാണ് നിർദിഷ്ട ബില്ലിന്റെ ലക്ഷ്യങ്ങൾ. വിദ്യാർഥികളെ അയയ്ക്കുന്ന ഏജൻസികൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്കു പിഴ ചുമത്തണമെന്നും നിർദേശമുണ്ട്.