പിജി മെഡിക്കൽ കോഴ്സ്: അനുമതി 220 കിടക്കയുള്ള ആശുപത്രികൾക്ക്
Mail This Article
ന്യൂഡൽഹി ∙ പിജി മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ കുറഞ്ഞത് 220 കിടക്കയെങ്കിലും ഉണ്ടാകുകയും 5 വകുപ്പുകളെങ്കിലും സജീവമായി പ്രവർത്തിക്കുകയും വേണം. പിജി മെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നതിന് എൻഎംസി വിജ്ഞാപനം ചെയ്ത അടിസ്ഥാന മാനദണ്ഡങ്ങളിലാണ് ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ.
മാനദണ്ഡങ്ങളുടെ കരട് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച എൻഎംസി പൊതുജനങ്ങളിൽ നിന്നു നിർദേശങ്ങൾ തേടിയിരുന്നു. ആശുപത്രിക്കിടക്കയുടെ 80 ശതമാനത്തിലും വർഷം മുഴുവൻ രോഗികളുണ്ടാകണം. പിജി കോഴ്സ് ആരംഭിക്കുന്ന സ്ഥാപനങ്ങളിലെ 15% കിടക്ക ഐസിയു ആയിരിക്കണം. വകുപ്പുകളിലെത്തുന്ന രോഗികളുടെ വിവരങ്ങളും ലാബ് ഫലങ്ങളും ഡിജിറ്റലായി സൂക്ഷിക്കാൻ സംവിധാനമുണ്ടാകണം. ബയോ കെമിസ്ട്രി, പതോളജി, മൈക്രോബയോളജി, റേഡിയോ–ഡയഗ്നോസിസ്, അനസ്തീഷ്യോളജി എന്നീ വകുപ്പുകൾ നിർബന്ധമായും സ്ഥാപനങ്ങളുണ്ടാകണം.
എല്ലാ വകുപ്പുകളിലും ഏറ്റവും മികച്ച പരിശീലന സൗകര്യം ലഭ്യമാക്കണമെന്നും ഡിജിറ്റൽ ലൈബ്രറി, വകുപ്പുതല ലൈബ്രറി എന്നിവയെല്ലാം സജ്ജീകരിക്കണമെന്നും നിർദേശിക്കുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്, ഓർത്തോ, ഗൈനക്കോളജി, ഒഫ്താൽമോളജി, സൈക്യാട്രി, എമർജൻസി മെഡിസിൻ തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ഒപിയിൽ പ്രതിദിനം ശരാശരി 60 രോഗികൾ വീതമെങ്കിലുമുണ്ടാകണം. എങ്കിൽ മാത്രമേ ഓരോ വിഭാഗത്തിലും 2 പിജി വിദ്യാർഥികളെ വീതം പ്രവേശിപ്പിക്കാൻ അനുവാദം നൽകുകയുള്ളൂ.
മറ്റു വിഭാഗങ്ങളിലും സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലും ഒപിയിൽ 30 രോഗികൾ വീതമെങ്കിലുമുണ്ടാകണം. ഓരോ സീറ്റ് വർധിപ്പിക്കുന്നതിനും രോഗികളുടെ എണ്ണത്തിൽ 20% വർധന വേണം. ജനറൽ മെഡിസിൻ ഒഴികെയുള്ള വിഭാഗങ്ങൾക്ക് 50 രോഗികൾ എന്ന കരടിലെ നിർദേശമാണ് അന്തിമ മാനദണ്ഡത്തിൽ വർധിപ്പിച്ചത്.
സർക്കാർ കോളജുകളിലും 15 വർഷത്തിലേറെ പ്രവർത്തിക്കുന്ന സ്വകാര്യ കോളജുകൾക്കും 3 വിദ്യാർഥികൾക്ക് ഒരു പ്രഫസർ/അസോഷ്യേറ്റ് പ്രഫസർ എന്ന നിലയിൽ അധ്യാപകരുണ്ടാകണം. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇതു 2 അധ്യാപകർക്ക് ഒരാൾ എന്ന നിലയിലാണ്. സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളുടെ കാര്യത്തിൽ 2 വിദ്യാർഥികൾക്ക് ഒരു പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ എന്ന നിലയിൽ അധ്യാപകർ വേണം.