പാഠപുസ്തകങ്ങളിലെ മാറ്റം: മലയാളം ലിപി പരിഷ്കരണം കുട്ടികളെ വലയ്ക്കുമെന്ന് ആശങ്ക
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ ഭാഗികമായി പരിഷ്കരിച്ച മലയാളം ലിപിയിലേക്കു മാറുന്നതോടെ നിലവിലെ ലിപി പഠിച്ചു വന്ന വിദ്യാർഥികളെ വലയ്ക്കുമെന്ന് ആശങ്ക. പഴയ രീതിയിലുള്ള കൂട്ടക്ഷരങ്ങൾ പരമാവധി തിരികെ കൊണ്ടുവരുന്ന തരത്തിലുള്ള ലിപി പരിഷ്കരണം അനുസരി ച്ചാണ് 1,3,5,7,9 ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങളെല്ലാം അച്ചടിച്ചിരിക്കുന്നത്.
അതേസമയം 2,4,6,8,10 ക്ലാസുകളിൽ പഴയ ലിപി അനുസരിച്ചുള്ള പുസ്തകങ്ങളാണ് അടുത്ത അധ്യയന വർഷവും പഠിപ്പിക്കുക. ഈ ക്ലാസുകളിൽ 2025–26 അധ്യയന വർഷം പുതിയ പുസ്തകങ്ങൾ നിലവിൽ വരുമ്പോഴാകും പരിഷ്കരിച്ച ലിപിയിൽ അച്ചടിക്കുക. ഒന്നാം ക്ലാസിൽ അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികൾ പരിഷ്കരിച്ച ലിപി തന്നെ പഠിച്ചു തുടങ്ങുമെന്നതിനാൽ പ്രശ്നമില്ല. എന്നാൽ പഴയ ലിപി പഠിച്ച, ഈ അധ്യയന വർഷം 2,4,6,8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അടുത്ത അധ്യയന വർഷം മുതൽ പരിഷ്കരിച്ച ലിപിയിലേക്കു പെട്ടെന്ന് മാറേണ്ടി വരും. ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ 3–ാം ക്ലാസിലെത്തുമ്പോഴും ഈ പ്രശ്നം നേരിടേണ്ടി വരും. പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സമിതികളിലെ പലരും ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭാഷാ മാർഗ നിർദേശ വിദഗ്ധ സമിതിയുടെ നിർദേശം അനുസരിച്ച് പാഠപുസ്തകങ്ങളിലെ ലിപി പരിഷ്കരണം അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ മറ്റു വഴിയില്ലാതായി.