ADVERTISEMENT

ഓട്ടവ ∙ വിദ്യാർഥി വീസകൾ ഇക്കൊല്ലം 35% വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. ഒന്റാറിയോ പോലെ ചില പ്രവിശ്യകളിൽ 50% വരെ വെട്ടിക്കുറയ്ക്കുമെന്നും കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. 2 വർഷത്തേക്കാണു നിയന്ത്രണം. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് (പഠനാനന്തര) വർക്ക് പെർമിറ്റ് അനുവദിക്കില്ല. വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കും. നിലവാരമുള്ള സ്ഥാപനങ്ങൾക്കു മുൻഗണന ലഭിക്കുന്ന രീതിയിൽ വിദ്യാർഥി വീസാ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങളുണ്ടാകുമെന്നു മാർക്ക് മില്ലർ നേരത്തേ അറിയിച്ചിരുന്നു. 

നിലവിൽ 10 ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾ കാനഡയിലുണ്ട്. ഏറ്റവും വലിയ വിദേശവിദ്യാർഥി സമൂഹം ഇന്ത്യക്കാരാണ്– 3.19 ലക്ഷം. ഒരു പതിറ്റാണ്ടിനിടെ വിദേശ വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടിയായതോടെ താമസസൗകര്യങ്ങൾ കുറവാണ്. താമസച്ചെലവു കുത്തനെ കൂടിയതടക്കമുള്ള കാരണങ്ങളാൽ കുടിയേറ്റ നിയന്ത്രണം രാഷ്ട്രീയ പ്രചാരണവിഷയമാകുകയും ചെയ്തു. വിദേശ വിദ്യാർഥികൾ ജീവിതച്ചെലവിനു കൈവശമുള്ളതായി കാണിക്കേണ്ട കുറഞ്ഞ തുക ഈമാസം മുതൽ ഇരട്ടിയാക്കിയിരുന്നു.

കരുതൽതുക 2 പതിറ്റാണ്ടായി 10,000 കനേഡിയൻ ഡോളർ (6.14 ലക്ഷം രൂപ) ആയിരുന്നത് ഇപ്പോൾ 20,635 ഡോളർ (12.67 ലക്ഷം രൂപ) ആണ്. ഇനി എല്ലാ വർഷവും ജീവിതച്ചെലവു സൂചികയനുസരിച്ച് ഇതു പുതുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാർഥികൾ ഏറെയുള്ളിടത്ത് കൂടുതൽ നിയന്ത്രണം
കാനഡയിലുള്ള വിദേശ വിദ്യാർഥികളിൽ പകുതിയിലേറെപ്പേരും ഒന്റാറിയോയിലാണ്. അതിനാലാണ് അവിടെ വീസ 50% വെട്ടിക്കുറയ്ക്കുന്നത്. നോവാ സ്കോഷ്യ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയിടങ്ങളിലും വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയുണ്ട്.

Content Summary:

Canada Slashes Student Visas by 35% Amid Immigration Reforms – Ontario Hardest Hit with 50% Reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com