ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിനും സാങ്കേതികവിദ്യാ നൈപുണ്യത്തിനും ഊന്നൽ പ്രതീക്ഷിക്കാം
Mail This Article
2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേന്ദ്ര ഇടക്കാല ബജറ്റിനെ ഏവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്! 2023 ലെ ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ), ഗ്ലോബൽ സ്‌കിൽസ് 2023, ദേശീയ വിദ്യാഭ്യാസ നയം 2020, യുവതീയുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുറയുന്ന വിദ്യാർഥി അനുപാതം, വിദേശ പഠനത്തോടുള്ള വിദ്യാർഥികളുടെ അമിതമായ താൽപര്യം എന്നിവയുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തു വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചന ബജറ്റിൽ പ്രകടമാകും.
മാറുന്ന പ്രവണതകൾ
എഎസ്ഇആർ 2023 റിപ്പോർട്ടിൽ 14 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ ഡിജിറ്റൽ ഉപയോഗത്തോടൊപ്പം, വിദ്യാർഥികളുടെ പഠനനിലവാരത്തിലുള്ള ന്യൂനതകളും എടുത്തുപറഞ്ഞിട്ടുണ്ട്. 2023 ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ടിൽ ഡിജിറ്റൽ തൊഴിൽ മേഖലയിൽ നൈപുണ്യ വികസനത്തിന് പ്രസക്തിയേറുന്നു വെന്നാണ് വ്യക്തമാക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിലും 60 ശതമാനം തൊഴിലാളികൾക്ക് 2027 നുള്ളിൽ തുടർപരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളിൽ നിന്നായി 12.4 കോടി പഠിതാക്കളിൽ നിന്നുള്ള ഡേറ്റ വിലയിരുത്തിയാണ് ഗ്ലോബൽ സ്കിൽസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളിൽ 60 ശതമാനത്തോളം തൊഴിൽ മേഖലകളെ നിർമിത ബുദ്ധി (എഐ) ബാധിക്കുമെന്ന സൂചനകളുമുണ്ട്
കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ലോകത്തെമ്പാടും കോഴ്‌സുകളുടെ ഡിസൈനിങ്ങിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. വ്യവസായ മേഖലയ്ക്കിണങ്ങിയ, പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്ന കോഴ്സുകളിൽ ചേരാനാണ് വിദ്യാർഥികൾ ഇഷ്ടപ്പെടുന്നത്. കോഴ്സിനോടോപ്പം ഇന്റേൺഷിപ്, പാർടൈം തൊഴിൽ എന്നിവ നിരവധി സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നു. വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യാനുതകുന്ന നൈപുണ്യങ്ങൾ പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കാണ് ഭാവിയിൽ സാധ്യതയേറുന്നത്. നിർമിത ബുദ്ധി കൂടുതൽ വിപുലപ്പെടുന്നതോടെ എഐ അധിഷ്ഠിത തൊഴിലുകൾ വ്യാപാര മേഖലയിൽ കൂടുതലായി രൂപപ്പെടും. കൂടുതൽ ടെക്നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ നിലവിൽ വരും. ഊർജ മേഖലയിൽ 2024 ൽ വൻ മാറ്റം പ്രതീക്ഷിക്കാം. ക്ലീൻ ഊർജത്തിലേക്കുള്ള പ്രയാണം ഊർജ ഭൂപടത്തിൽ ഹരിതോർജത്തിന്റെ സാധ്യതകൾ വർധിപ്പിക്കും. ലിഥിയം, കോപ്പർ, നിക്കൽ, എണ്ണ, പ്രകൃതിവാതക ഉൽപാദക മേഖലകളിൽ അധിഷ്ഠിതമായ വ്യാപാരത്തിന് പ്രസക്തിയേറും. ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് സാധ്യതയേറും.
പ്രതീക്ഷിക്കുന്ന ബജറ്റ് നിർദേശങ്ങൾ
പുതിയ കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പിൽ വർധനവുണ്ടാകും. ആഗോള തലത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6.1 ശതമാനം വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുമ്പോൾ, ഇന്ത്യയിലിത് 3.1 ശതമാനം മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർധിപ്പിക്കാനും ഗ്രാമീണ, ദുർബല വിഭാഗത്തിൽപ്പെട്ട സംസ്ഥാനങ്ങളിൽനിന്നു കൂടുതൽ കുട്ടികളെ സ്കൂളുകളിലെത്തിക്കുവാനുമുള്ള പദ്ധതികൾ ബജറ്റിൽ പ്രാമുഖ്യം നേടും. ദേശീയ തലത്തിൽ വർധിച്ചുവരുന്ന, അഭ്യസ്തവിദ്യരായ യുവതീ യുവാക്കളിലെ തൊഴിലില്ലായ്മ കുറയ്ക്കാൻ നൈപുണ്യ വികസനം, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിസ്‌ഷിപ്പുകൾ, അക്കാഡമിക്-വ്യവസായ സ്ഥാപന സഹകരണം എന്നിവയിൽ കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കാം.
വനിതാ ക്ഷേമത്തിലൂന്നി പെൺകുട്ടികൾക്ക് കൂടുതൽ സ്കോളർഷിപ്പുകൾ, ഓൺ ജോബ് പരിശീലനം എന്നിവ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഡിജിറ്റൽ ടെക്നോളജി സ്കില്ലുകൾക്കു കൂടുതൽ ഊന്നൽ നൽകും. ദേശീയ വിദ്യാഭ്യാസ നയം 2020, ഈ വർഷം പൂർണമായി പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി നാലു വർഷ ഓണേഴ്‌സ് കോഴ്സുകൾ, ഒരു വർഷ ബിരുദാനന്തര പ്രോഗ്രാമുകൾ എന്നിവ കൂടുതൽ സർവകലാശാലകളിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. അധ്യാപക പരിശീലനത്തിനുള്ള മാളവ്യ മിഷൻ പരിശീലന പരിപാടികൾ ഊർജിതപ്പെടുത്താനുള്ള പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കാം.
ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിന് കൂടുതൽ തുക വിലയിരുത്തിയേക്കാം. ഊർജം, ആരോഗ്യം, കാലാവസ്ഥാമാറ്റം എന്നിവയിൽ കൂടുതൽ ഗവേഷണ തുക നീക്കിവയ്ക്കും. പ്രവേശന പരീക്ഷകൾ കൂടുതലായി കംപ്യൂട്ടർ അധിഷ്ഠിത മാതൃകയിലേക്കു മാറും.കൂടുതൽ ഡിജിറ്റൽ, സ്കിൽ, സഹകരണ സർവകലാശാലകൾ ഈ ബജറ്റിൽ പ്രഖ്യാപിക്കും. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് മത്സര പരീക്ഷകൾക്കു തയാറെടുക്കാൻ കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കാം.
സ്കൂൾ തലത്തിൽ യോഗ, ഭാഷാപഠനം എന്നിവയ്ക്കും അധ്യാപക പരിശീലനത്തിനും കൂടുതൽ ഊന്നൽ ബജറ്റിൽ പ്രതീക്ഷിക്കാം. ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്താൻ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിനു കൂടുതൽ പദ്ധതികളും ഇളവുകളും ബജറ്റിൽ പ്രതീക്ഷിക്കാം. ഇതിനായി മൾട്ടി ഡിസിപ്ലിനറി ടെക്നോളജി പ്ലാറ്റ്ഫോമുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ എന്നിവ പ്രതീക്ഷിക്കാം. ഗ്ലോബൽ വില്ലേജ് എന്ന ആശയം വിപുലപ്പെടുമ്പോൾ വിദേശപഠനത്തിനായി ഇന്ത്യയിൽനിന്ന് 2024 ൽ 10 ലക്ഷത്തോളം വിദ്യാർഥികളാണ് തയാറെടുക്കുന്നത്. ഇത് ഒരു പരിധി വരെ കുറയ്ക്കാനായി കൂടുതൽ വിദേശ സർവകലാശാല ക്യാംപസുകൾ, വിദേശ സഹകരണത്തോടെ കൂടുതൽ ട്വിന്നിങ് പ്രോഗ്രാമുകൾ, ഡ്യൂവൽ /ജോയിന്റ് ബിരുദ പ്രോഗ്രാമുകൾ എന്നിവ ഇന്ത്യൻ സർവകലാശാലകളിൽ പ്രതീക്ഷിക്കാം.
(വിദ്യാഭ്യാസ വിദഗ്ധനും ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമാണ് ലേഖകൻ)