ADVERTISEMENT

തിരുവനന്തപുരം / കൊച്ചി ∙ കേരളത്തെ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് എന്നിവയുടെ ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗവേഷണ സ്ഥാപനങ്ങളും റോബട്ടിക്സ് കമ്പനികളുമായുള്ള വട്ടമേശ സമ്മേളനം ഓഗസ്റ്റിലും എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സോഫ്റ്റ്‌വെയർ കമ്പനി ഐബിഎമ്മുമായി ചേർന്നുള്ള രാജ്യാന്തര കോൺക്ലേവ് ജൂലൈയിലും സംസ്ഥാനത്തു സംഘടിപ്പിക്കും. ഐടി മേഖലയിലെ പദ്ധതികൾക്കായി ഏകദേശം 1500 കോടി രൂപ ബജറ്റിൽ വകയിരുത്തി.

∙ രാജ്യാന്തരതലത്തിൽ സംരംഭകത്വ ആശയങ്ങൾ സംഭാവന ചെയ്യുന്നവരെ ആകർഷിക്കാൻ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ കേരള സ്റ്റാർട്ടപ് മിഷൻ വർക്പോഡുകൾ സ്ഥാപിക്കും. പ്രകൃതിഭംഗി നിറഞ്ഞ കേരളത്തിൽ താമസിച്ചു ജോലി ചെയ്യാനാകുംവിധമാകും ടൂറിസം കേന്ദ്രങ്ങളിൽ വർക്പോഡുകൾ ഒരുക്കുക.
∙ കോവിഡ് കാലത്തു തുടക്കമിട്ട വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ (ലീപ് സെന്റർ) സംസ്ഥാനത്തുടനീളം വ്യാപിപ്പി ക്കാൻ 10 കോടി രൂപ വകയിരുത്തി. 100 – 150 പേർക്കു ജോലി ചെയ്യാവുന്ന ഇത്തരം കേന്ദ്രങ്ങൾ പ്രാദേശിക സമൂഹ ത്തിന്റെ വരുമാന വർധനയ്ക്കും കാരണമാകും. ഐടി റസിഡൻഷ്യൽ ക്യാംപസ് കൊട്ടാരക്കരയിൽ സ്ഥാപിക്കും. 20 കോടി രൂപ ചെലവിൽ കളമശേരിയിൽ ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കും.
∙ സംസ്ഥാനത്ത് 2000 വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കും. ഡേറ്റ സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപയും കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾക്കായി 47 കോടിയും വകയിരുത്തി.

പ്രതീക്ഷിച്ചത് കിട്ടാതെ ഐടി പാർക്കുകൾ
അതേസമയം, നിലവിലെ ഐടി പാർക്കുകളുടെ വികസനത്തിന് പ്രതീക്ഷിച്ച തുക അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ടെക്നോപാർക്കിന് 27.47 കോടി രൂപയും കൊച്ചി ഇൻഫോപാർക്കിന് 26.70 കോടിയും കോഴിക്കോട് സൈബർ പാർക്കിന് 12.80 കോടിയുമാണ് അനുവദിച്ചത്. പുതിയ ഐടി പാർക്കുകൾ സംസ്ഥാനത്തു വരുമെന്ന് പുതിയ ഐടി നയത്തിൽ അറിയിച്ചെങ്കിലും ബജറ്റിൽ പരാമർശിച്ചില്ല.സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്കായി 90.52 കോടി അനുവദിച്ചെങ്കിലും ഫണ്ട് ഓഫ് ഫണ്ട്സ് ഇനത്തിൽ 20 കോടി രൂപ മാത്രമാണു നൽകുന്നത്. കഴിഞ്ഞ വർഷം ഇത് 30 കോടിയായിരുന്നു. ഐടി മിഷന് 117.8 കോടി രൂപ വകയിരുത്തി

g-vijayaraghavan
ജി.വിജയരാഘവൻ

ഡിജിറ്റൽ വാഴ്സിറ്റിക്ക് നേട്ടം; വർക്ക് നിയർ ഹോം ഏശുമോ?
ഡിജിറ്റൽ സർവകലാശാലയ്ക്ക് വായ്പയെടുക്കാൻ അനുവാദം നൽകിയതു മികച്ച പ്രഖ്യാപനമാണ്. ഇതു കൂടുതൽ ഗവേഷണങ്ങൾക്കു വഴിയൊരുക്കും. ഡിജിറ്റൽ സർവകലാശാലയിലെ പിജി പഠനത്തിനു ശേഷം വിദേശത്തു പിഎച്ച്ഡി ചെയ്യാനും തുടർന്നു സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനുമുള്ള പദ്ധതി ഐടി മേഖലയിലുൾപ്പെടെ വളർച്ചയ്ക്കു കാരണമാകും. സ്വകാര്യ–വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കുന്നതും ഐടി മേഖലയ്ക്കു ഗുണമാണ്.  ഐടി കമ്പനികൾ ഉദ്യോഗസ്ഥരോട് തിരികെ ഓഫിസിലെത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ വർക്ക് നിയർ ഹോം പദ്ധതികൾക്കായി പണം മുടക്കുന്നത് എത്രത്തോളം വിജയകരമാകുമെന്നതിൽ സംശയമുണ്ട്.
∙ ജി.വിജയരാഘവൻ
(ടെക്നോപാർക്ക് സ്ഥാപക സിഇഒ, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം)

anoop-ambika
അനൂപ് അംബിക

സ്റ്റാർട്ടപ് മിഷൻ സ്വയംപര്യാപ്തമാകും
രണ്ടു സവിശേഷതകൾ ബജറ്റിൽ കാണാം. ആദ്യത്തേത്, ലീപ് സെന്ററുകൾ വഴി വികേന്ദ്രീകൃത വികസനത്തിൽ വൈജ്ഞാനിക വ്യവസായത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു. വർക് പോഡ് എന്ന ആശയമാണ് അടുത്തത്. കേരളത്തിലെ ടൂറിസം വികസനത്തിനു സ്റ്റാർട്ടപ്പുകൾക്കു നൽകാൻ കഴിയുന്ന സംഭാവനയായി വേണം വർക് പോഡുകളെ കാണേണ്ടത്. സ്റ്റാർട്ടപ് മിഷനു തുക അനുവദിച്ചിട്ടുണ്ട്. യുവ സംരംഭക വികസന പദ്ധതിക്കും ഫണ്ട് അനുവദിച്ചു. ടെക്നോളജി ഇന്നവേഷൻ സോണിലും തുകയുണ്ട്. ഫണ്ട്സ് ഓഫ് ഫണ്ട് എന്ന നിലയിൽ 20 കോടി രൂപ അനുവദിച്ചതാണ് അധിക നേട്ടം. എസ്‌സി, എസ്ടി വിഭാഗത്തിനുള്ള ‘ഉന്നതി’ പദ്ധതിയിലും സ്റ്റാർട്ടപ്പുകൾക്കായി തുക വകയിരുത്തിയതു സ്വാഗതാർഹമാണ്. ഇതുവരെ സ്റ്റാർട്ടപ്പുകൾക്കു ഗ്രാന്റ് അനുവദിക്കുകയാണു സ്റ്റാർട്ടപ് മിഷൻ ചെയ്തിരുന്നത്. ഇനി മുതൽ ഗ്രാന്റ് അനുവദിക്കുമ്പോൾ പകരം ആ സ്റ്റാർട്ടപ് സംരംഭത്തിൽ ഓഹരി എടുക്കാനുള്ള സാധ്യത കൂടി പരിഗണിക്കും. സ്റ്റാർട്ടപ് മിഷനു സ്വയംപര്യാപ്തതയിലേയ്ക്കു വളരാൻ അതു വഴിയൊരുക്കും.
അനൂപ് അംബിക, 
സിഇഒ, കേരള സ്റ്റാർട്ടപ് മിഷൻ

Content Summary:

Kerala Budget Paves Way for AI and Robotics Revolution, Commits Rs 1500 Crore for IT Sector Expansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com