പുതിയ എൻസിഇആർടി പുസ്തകങ്ങൾ അടുത്ത വർഷവും ഉണ്ടായേക്കില്ല
Mail This Article
ന്യൂഡൽഹി : എൻസിഇആർടിയുടെ പുതിയ പാഠപുസ്തകങ്ങൾ വൈകുന്ന സാഹചര്യത്തിൽ, വരുന്ന അധ്യയന വർഷവും നിലവിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളും തുടരാൻ സാധ്യത. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്കരിച്ച പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പുതിയ പുസ്തകങ്ങൾ വരുന്ന അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വന്നു തുടങ്ങുമെന്നാണു കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, പുസ്തക പരിഷ്കരണത്തിനുള്ള കമ്മിറ്റി രൂപീകരണം ഉൾപ്പെടെ വൈകിയതു നടപടികളെ ബാധിച്ചു. നവംബർ–ഡിസംബറിലാണു കമ്മിറ്റികൾക്കു രൂപം നൽകിയത്. 9 –12 ക്ലാസ് പുസ്തകങ്ങൾ ഏപ്രിലിനു മുൻപ് എൻസിഇആർടി ലഭ്യമാക്കിയാൽ മാത്രം അതു പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണു സിബിഎസ്ഇ തീരുമാനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏപ്രിലിൽ പുതിയ അധ്യയന വർഷമാരംഭിക്കും. പുതിയ പുസ്തകങ്ങൾക്ക് അനുമതി നൽകി അവ പ്രിന്റ് ചെയ്തു ലഭ്യമാക്കണമെങ്കിലും സമയമെടുക്കും. അധ്യാപകർക്കു പരിശീലനവും നൽകേണ്ടതുണ്ട്. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിരുന്ന ക്രെഡിറ്റ് ഫ്രെയിംവർക്ക് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും ഈ സാഹചര്യത്തിൽ വൈകും.