സിബിഎസ്ഇ–ഐസിഎസ്ഇ സ്കൂളുകളിൽ 4 വർഷത്തിനിടെ കുറഞ്ഞത് 1.42 ലക്ഷം കുട്ടികൾ
Mail This Article
തിരുവനന്തപുരം ∙ കേരള സിലബസ് പിന്തുടരുന്ന പൊതു വിദ്യാലയങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തെ സിബിഎസ്ഇ–ഐസിഎസ്‌ഇ സ്കൂളുകളിലും കുട്ടികൾ ഗണ്യമായി കുറയുന്നു. നാലു വർഷത്തിനിടെ 1.42 ലക്ഷം വിദ്യാർഥികളാണ് ഈ സ്കൂളുകളിൽ കുറഞ്ഞത്. 10–ാം ക്ലാസിനുശേഷം ഹയർ സെക്കൻഡറി പഠനത്തിനായി സിബിഎസ്ഇ–ഐസിഎസ്‌ഇ സ്കൂളുകളിൽനിന്ന് സംസ്ഥാന സിലബസ് സ്കൂളുകളിലേക്കെത്തുന്നവരുടെ എണ്ണവും ഇക്കാലയളവിൽ കുത്തനെ കുറഞ്ഞു. അതേസമയം കേന്ദ്ര സിലബസിൽ തന്നെ ഹയർ സെക്കൻഡറി പഠനം തുടരുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജിന് വിവരാവകാശ നിയമ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2018–19 ൽ സിബിഎസ്ഇ സ്കൂളുകളിലെ 10 വരെ ക്ലാസുകളിൽ 9.25 ലക്ഷം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്നത് 7.99 ലക്ഷം കുട്ടികൾ. 1,26,618 വിദ്യാർഥികൾ കുറഞ്ഞു. ഈ വർഷത്തെ കണക്ക് സർക്കാരിന് ലഭ്യമായിട്ടില്ല. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് ഈ വിഭാഗത്തിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ പഠിക്കുന്നത്. ഐസിഎസ്ഇ സ്കൂളുകളിൽ ഇതേ കാലയളവിൽ കുട്ടികളുടെ എണ്ണം 1,25,022ൽ നിന്നും 1,09119 ആയി കുറഞ്ഞു. കുറഞ്ഞത് 15,903 കുട്ടികൾ.
അതേസമയം 2018–19ൽ കേന്ദ്ര സിലബസ് സ്കൂളുകളിൽ നിന്ന് 42,892 പേർ സംസ്ഥാന സിലബസ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടിയ സ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷം 31,697 ആയി കുറഞ്ഞു; 4 വർഷത്തിനിടെ കുറഞ്ഞത് 11,195 പേർ. ഇക്കാലയളവിൽ സിബിഎസ്ഇ സ്കൂളുകളിൽ 11–ാം ക്ലാസിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ 4236 പേരുടെയും ഐസിഎസ്ഇ സ്കൂളുകളിൽ 101 പേരുടെയും വർധനയുണ്ടായി. ഹയർ സെക്കൻഡറിക്ക് സംസ്ഥാന സിലബസിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാനാവുമെന്നതും ഇത് പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനടക്കം സഹായമാകുന്നതും ഗ്രേസ് മാർക്കുമൊക്കെയായിരുന്നു കേന്ദ്ര സിലബസിൽ നിന്നുള്ള മാറ്റത്തിന് മുൻപ് പ്രേരകമായത്.
എന്നാൽ 2019നു ശേഷം പ്രഫഷനൽ കോഴ്സ് പ്രവേശനത്തിന് വിവിധ സിലബസുകളിലെ 12–ാം ക്ലാസിന്റെ മാർക്ക് ഏകീകരിച്ചതും ഗ്രേസ് മാർക്കിന് നിയന്ത്രണം വന്നതുമടക്കമുള്ള പരിഷ്കാരങ്ങളാണ് ഇതിൽ കുറവ് വരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വിദ്യാലയങ്ങളിൽ കുട്ടികൾ പൊതുവെ കുറയാൻ ജനസംഖ്യയിൽ സംഭവിക്കുന്ന കുറവും പുറത്തേക്കുള്ള കുടിയേറ്റവുമെല്ലാം കാരണമാണ്.