ആറാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി ഈ അധ്യയന വർഷം മുതൽ
Mail This Article
ന്യൂഡൽഹി : ഫിസിക്കൽ എജ്യുക്കേഷൻ, കലാ പഠനം, വൊക്കേഷനൽ എജ്യുക്കേഷൻ എന്നിവയ്ക്കും തുല്യ പ്രാധാന്യവുമായി ആറാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി. എൻസിഇആർടി അവതരിപ്പിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം ഈ 3 വിഷയങ്ങൾക്കും 100 മണിക്കൂറിലേറെ സമയം വിദ്യാർഥികൾക്ക് ക്ലാസുകൾ ക്രമീകരിക്കണമെന്നാണു നിർദേശം. കണക്കിനു 115 മണിക്കൂറും സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 160 വീതവും മാറ്റിവയ്ക്കാനാണ് നിർദേശം.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കിയുള്ള പുതിയ പാഠ്യപദ്ധതിയാണ് 3, 6 ക്ലാസുകളിൽ ഈ അധ്യയന വർഷം മുതൽ നടപ്പാക്കുക. ആറാം ക്ലാസ് പാഠപുസ്തകങ്ങൾ മേയ് പകുതിയോടെ ലഭ്യമാക്കുമെന്ന് അറിയിച്ച എൻസിഇആർടി പുതിയ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം സുഗമമാക്കാൻ ബ്രിജ് കോഴ്സുകൾ ലഭ്യമാക്കിക്കഴിഞ്ഞു. ആർട് എജ്യുക്കേഷൻ, ഇംഗ്ലിഷ്, സയൻസ്, കണക്ക്, ഫിസിക്കൽ എജ്യുക്കേഷൻ, വൊക്കേഷനൽ എജ്യുക്കേഷൻ, സോഷ്യൽ സയൻസ്, സംസ്കൃതം, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിലെ ബ്രിജ് കോഴ്സുകളാണ് എൻസിഇആർടി അവതരിപ്പിച്ചിരിക്കുന്നത്.
പാഠഭാഗങ്ങളുടെ ഉള്ളടക്കത്തെക്കാൾ അവ എത്രത്തോളം മനസ്സിലാക്കിയെന്നതിലാകണം ശ്രദ്ധ നൽകേണ്ടതെന്ന് എൻസിഇആർടി നിർദേശിക്കുന്നു. ചില മേഖലയിലെ പഠന മികവു വിലയിരുത്തുന്നതിനേക്കാൾ സമഗ്രമായ വിലയിരുത്തൽ വേണമെന്നും കളികളിലൂടെയും മറ്റു മാർഗങ്ങളിലൂടെയും പഠനം സാധ്യമാക്കണമെന്നും നിർദേശിക്കുന്നു.