കേന്ദ്രീയ വിദ്യാലയം: വ്യവസ്ഥകളിൽ മാറ്റം: സ്വകാര്യ ജീവനക്കാരുടെ മക്കൾക്ക് സംസ്ഥാനാന്തര ട്രാൻസ്ഫർ ഇല്ല
Mail This Article
ന്യൂഡൽഹി : സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കി, കേന്ദ്രീയ വിദ്യാലയങ്ങളിലെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ മാറ്റം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കു ട്രാൻസ്ഫർ അനുവദിക്കില്ല. അതേസമയം കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കൾക്കു ട്രാൻസ്ഫർ സൗകര്യം തുടരും.
ഒരു ഡിവിഷനിലെ പരമാവധി സീറ്റ് നാൽപതിൽനിന്ന് 32 ആയി കുറച്ചിട്ടുമുണ്ട്. അക്കാദമിക് വർഷത്തിന്റെ ഇടയ്ക്കു ട്രാൻസ്ഫർ ലഭിക്കുന്ന സേനാവിഭാഗങ്ങളിലെയും മറ്റും മക്കൾക്കു മാത്രമേ അധിക സീറ്റ് അനുവദിക്കാൻ വ്യവസ്ഥയുള്ളൂ.കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കിയതും വിമർശനത്തിനു കാരണമായിരുന്നു. പുതിയ അക്കാദമിക് വർഷം നടപ്പാകുന്ന മാറ്റങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എംപിമാർക്കു 10 കുട്ടികളെ വരെ കേന്ദ്രീയ വിദ്യാലയത്തിലേക്കു ശുപാർശ ചെയ്യാമെന്ന വ്യവസ്ഥകൾ 2 വർഷം മുൻപ് ഒഴിവാക്കിയിരുന്നു.