ഗ്രാമീണ സേവനത്തിൽ ഇളവ് തേടുന്നതെങ്ങനെ: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി : പണമുള്ളതുകൊണ്ട് സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുകയും അതിന്റെ പേരിൽ നിർബന്ധിത ഗ്രാമീണ സേവനത്തിൽ ഇളവു വേണമെന്നു വാദിക്കുകയും ചെയ്യുന്നത് എങ്ങനെയെന്നു സുപ്രീം കോടതി ചോദിച്ചു. മെഡിക്കൽ വിദ്യാർഥികൾക്ക് ഒരുവർഷത്തെ ഗ്രാമീണ സേവനം നിർബന്ധിതമാക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ജഡ്ജിമാരായ പി.എസ്.നരസിംഹ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഇക്കാര്യമുന്നയിച്ചത്. ഗ്രാമീണ സേവനത്തിൽ ഇളവു തേടുന്നത് എങ്ങനെയാണെന്നും സ്വകാര്യ കോളജിൽ പഠിക്കുന്നവർക്കു രാഷ്ട്രനിർമാണത്തിൽ പങ്കില്ലെന്നാണോ ഹർജിക്കാരുടെ ന്യായമെന്നും കോടതി ചോദിച്ചു.
ഭാഷാപ്രശ്നം അടക്കം ബുദ്ധിമുട്ടുണ്ടെന്ന് ഹർജിക്കാരൻ ആശിഷ് റേദുവിന്റെ അഭിഭാഷകൻ പറഞ്ഞു. അതും കോടതി ചോദ്യം ചെയ്തു. മറ്റൊരിടത്തു പോകുന്നതും അവിടെ ജോലി ചെയ്യുന്നതും മനോഹരമായ കാര്യമാണെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ നോട്ടിസയച്ച കോടതി പിന്നീടു പരിഗണിക്കാനായി മാറ്റി.