എൻജിനീയറിങ് , ഫാർമസി എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾ വിദൂര ജില്ലയിൽ; വിദ്യാർഥികൾക്ക് ആശങ്ക
Mail This Article
തിരുവനന്തപുരം : ജൂൺ 5ന് ആരംഭിക്കുന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾക്കു പലർക്കും ലഭിച്ചതു വിദൂര ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളെന്നു പരാതി. 5 മുതൽ 10 വരെയാണു പ്രവേശന പരീക്ഷ .
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് അപേക്ഷിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് കോട്ടയം ജില്ലയിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. പത്തനംതിട്ട നിന്നുള്ള ചില വിദ്യാർഥികൾക്ക് മലപ്പുറത്താണ് സെന്റർ. മലപ്പുറത്തെ വിദ്യാർഥിക്ക് എറണാകുളത്തും സെന്ററുണ്ട്. പ്രതികൂല കാലാവസ്ഥയിൽ ഇത്രയും ദൂരം യാത്ര ചെയ്ത് പരീക്ഷ എഴുതുകയെന്നതു വെല്ലുവിളിയാണെന്നു രക്ഷിതാക്കൾ പറഞ്ഞു. കാസർകോട് ജില്ലയിലെ ചെറുവത്തൂരിലെ വിദ്യാർഥിനിക്ക് പരീക്ഷാ കേന്ദ്രം ലഭിച്ചത് കോട്ടയം ജില്ലയിലാണ്. മകളെ എങ്ങനെ പരീക്ഷയ്ക്ക് എത്തിക്കുമെന്ന ആശങ്കയിലാണ് അച്ഛൻ കെ.വി.സത്യപാലൻ. ട്രെയിനുകളിൽ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. പരാതികൾ അറിയിക്കാനായി നൽകിയ നമ്പറിൽ വിളിച്ചിട്ട് ആരും ഫോൺ എടുക്കുന്നില്ലെന്നും ഇ–മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും കണ്ണൂർ സ്വദേശി ഇഷാന്റെ പിതാവ് ടി.സഞ്ജീർ പറഞ്ഞു.
സംസ്ഥാനത്തു 198 പരീക്ഷാ കേന്ദ്രങ്ങളിൽ 1,13,447 പേരാണു പരീക്ഷയെഴുതുന്നത്. മറ്റു പ്രവേശന പരീക്ഷകൾ എഴുതുന്നവർക്ക് അതിന് അവസരം നൽകാനായി ആദ്യ ദിവസങ്ങളിൽ ഉൾപ്പെടുത്തേണ്ടി വന്നതിനാലാണ് ദൂരെയുള്ള കേന്ദ്രങ്ങൾ ലഭിച്ചതെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫിസ് വിശദീകരിക്കുന്നു. ഓൺലൈൻ പരീക്ഷയായതിനാൽ കംപ്യൂട്ടർ സംവിധാനങ്ങളും ജനറേറ്റർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളാണു പരീക്ഷയ്ക്കായി തിരഞ്ഞെടുത്തത്. അടുത്ത വർഷം കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും അധികൃതർ പറഞ്ഞു. കാസർകോട് (329), വയനാട് (344), ഇടുക്കി (260), പത്തനംതിട്ട (684) എന്നിവയാണു പരീക്ഷാ കേന്ദ്രങ്ങൾ കുറവുള്ള ജില്ലകൾ.