സ്കൂൾ തുറക്കുന്നു, ‘കുട്ടികൾ രചിച്ച’ പുസ്തകങ്ങളുമായി
Mail This Article
തിരുവനന്തപുരം : മുതിർന്നവർ എഴുതിയതു മാത്രം പഠിക്കുന്ന പതിവുകൾ മാറി ഇന്നു മുതൽ പുതിയ പാഠപുസ്തകങ്ങളുമായി കുട്ടികൾ സ്കൂളുകളിലെത്തും. ഈ വർഷം പരിഷ്കരിച്ച 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ പലതിലും കുട്ടികളുടെ കൂടി ഇടപെടലുണ്ട്. ‘ഒരു കർഷകന് ഒരു ആടുണ്ടായിരുന്നു...’ എന്നു തുടങ്ങുന്ന ഒന്നാം ക്ലാസിലെ കേരള പാഠാവലിയിലെ ‘കിനാവ്’ എന്ന കഥ എഴുതിയതും അതിന്റെ ചിത്രങ്ങൾ വരച്ചതും 2017–18 ബാച്ചിൽ കാസർകോട് പുല്ലൂർ ഗവ.യുപി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന സി.ആദിദേവ് ആണ്.
മൂന്നാം ക്ലാസിലെ പരിസരപഠനം ഒന്നാം ഭാഗത്തിലെ ചിത്രങ്ങൾ വരച്ചത് സ്കൂൾ വിദ്യാർഥികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവു തെളിയിച്ചവരുമായ എൻ.ദക്ഷ്ദേവ്, അനന്യ എസ്.സുഭാഷ്, ശ്രീലക്ഷ്മി ജയറാം, റോസ് മരിയ സെബാസ്റ്റ്യൻ എന്നിവരാണ്. അഞ്ചാം ക്ലാസിലെ കലാവിദ്യാഭ്യാസം ആക്ടിവിറ്റി പുസ്തകത്തിന്റെ കവർ ചിത്രമായി ഉപയോഗിച്ചത് വടക്കാഞ്ചേരി എംആർഎസിലെ കുട്ടികൾ കല്ലിൽ വരച്ച ചിത്രങ്ങളാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി വി.എസ്.സഞ്ജയ് വരച്ച ചിത്രവും ഈ പുസ്തകത്തിലുണ്ട്. അഞ്ചാം ക്ലാസിലെ കലാവിദ്യാഭ്യാസം പഠനസഹായിയിൽ സംസ്ഥാനത്തെ വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രദ്ധേയരായ കുട്ടിച്ചിത്രകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്.
ചിന്തയിലും മാറ്റങ്ങൾ
ശ്രദ്ധേയരായ കവികളുടെയും കഥാകൃത്തുക്കളുടെയും കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ മാത്രം പഠിക്കാൻ ചേർക്കുന്ന പതിവിൽ നിന്നു മാറി ഇത്തവണ വേറിട്ട എഴുത്തുകാരെയും പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസിലെ അടിസ്ഥാന പാഠാവലി പുസ്തകത്തിൽ പ്രകാശ് ചെന്തളത്തിന്റെ ഗോത്ര കവിത ‘കാട് ആരത്’ ഉൾപ്പെടുത്തിയതാണ് അതിൽ പ്രധാനം. പാഠപുസ്തകങ്ങളിൽ തൊഴിലിലെ ലിംഗ വേർതിരിവ് മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ, ഇത്തവണ മൂന്നാം ക്ലാസിലെ മലയാളം പുസ്തകത്തിൽ മനുഷ്യന്റെ കൈകൾ എന്ന പാഠത്തിന്റെ അനുബന്ധമായി ചേർത്ത ചിത്രം ഇതിൽ നിന്നുള്ള മാറ്റം സൂചിപ്പിക്കുന്നു. അടുക്കളയിലെ ജോലികൾ അമ്മയും അച്ഛനും മക്കളും ഒന്നിച്ചു ചെയ്യുന്നതായാണ് ചിത്രത്തിലുള്ളത്. സമകാലിക ചിത്രകാരന്മാരുടെ സൃഷ്ടികൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്താനും ശ്രമമുണ്ട്. മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ശ്രീജ പള്ളം എന്ന ചിത്രകാരിയുടെ ‘ഇന്നിന്റെ കാഴ്ചകൾ’ എന്ന ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട് . ഒന്ന്, മൂന്ന്, അഞ്ച് ക്ലാസുകളിലെ വിവിധ പുസ്തകങ്ങളിലും ശ്രീജ വരച്ച ചിത്രങ്ങളുണ്ട്.