നീറ്റ് യുജി: മാർക്ക് വിതരണം വിശദീകരിച്ച് പരീക്ഷാ ഏജൻസി
Mail This Article
ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) ചിലർക്ക് 718, 719 മാർക്കുകൾ ലഭിച്ചതിനെക്കുറിച്ചു ദേശീയ പരീക്ഷാ ഏജൻസി വ്യക്തത വരുത്തി. മേയ് 5നു നടന്ന പരീക്ഷയിൽ ചില വിദ്യാർഥികൾക്കു മുഴുവൻ സമയവും പരീക്ഷയെഴുതാൻ സാധിക്കാതെ വന്നെന്നും എൻടിഎയുടെ നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതു കൊണ്ടാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നുമാണു വിശദീകരണം.
720 മാർക്കിനുള്ള പരീക്ഷയിൽ ഒരു ശരിയുത്തരത്തിനു 4 മാർക്കാണു ലഭിക്കുക. ഉത്തരം തെറ്റാണെങ്കിൽ ഒരു മാർക്ക് കുറയും. ഇതനുസരിച്ച് ഏറ്റവും ഉയർന്ന മാർക്ക് 720 കഴിഞ്ഞാൽ 716 ആണു വരേണ്ടത്. എന്നാൽ, ചിലർക്ക് അതിനു മുകളിൽ മാർക്കു ലഭിച്ചു. ഇവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു എൻടിഎ വിശദീകരണം നൽകിയത്. ഇത്തവണ കേരളത്തിൽ നിന്നുള്ള 4 പേർ ഉൾപ്പെടെ 67 പേരാണു ഒന്നാം റാങ്ക് നേടിയത്. പരീക്ഷയെഴുതിയ 23.33 ലക്ഷം വിദ്യാർഥികളിൽ 13.16 ലക്ഷം പേർ യോഗ്യത നേടി.
കേരളത്തിൽനിന്ന് 86,681 പേർ
ന്യൂഡൽഹി ∙ നീറ്റ്–യുജിയിൽ കേരളത്തിൽ നിന്ന് ഇത്തവണ യോഗ്യത നേടിയത് 86,681 പേർ. കഴിഞ്ഞ വർഷം 75,362 പേരായിരുന്നു. നീറ്റ് യോഗ്യത നേടിയവരിൽ ആറാം സ്ഥാനത്താണു കേരളം.
1,65,047 പേർ യോഗ്യത നേടിയ യുപിയാണ് ഒന്നാമത്. മഹാരാഷ്ട്ര (1,42,665), രാജസ്ഥാൻ (1,21,240), തമിഴ്നാട് (89,426), കർണാടക (89,088) എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ. ഇക്കുറി കേരളത്തിൽ നിന്ന് 1,36,974 പേരാണു പരീക്ഷയെഴുതിയത്.