ജെഎൻയു ഫെലോഷിപ് : ഒബിസിക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം
Mail This Article
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള പ്രത്യേക ഫെലോഷിപ്പിൽ നിന്നു ഒബിസി വിഭാഗക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം. എസ്‌സി, എസ്ടി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നീ 4 വിഭാഗക്കാർക്കു വേണ്ടിയുള്ള പ്രത്യേക ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചതോടെയാണു സംഭവം വിവാദമായത്.
യുജിസിയുടെ ജെആർഎഫ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ ഇല്ലാത്ത വിദ്യാർഥികൾക്കു ഗവേഷണ രംഗത്തു പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെയാണു പ്രത്യേക ഫെലോഷിപ് ആരംഭിച്ചത്. ഒരു വർഷത്തേക്കു പ്രതിമാസം 12,000 രൂപ വീതമാണു നൽകുന്നത്. എന്നാൽ, ഇതിൽ നിന്ന് ഒബിസി വിദ്യാർഥികളെ ഒഴിവാക്കിയതു സാമൂഹികനീതിയുടെ നിഷേധമാണെന്ന് ഓൾ ഇന്ത്യ ഒബിസി സ്റ്റുഡന്റ്സ് അസോസിയേഷൻ ആരോപിച്ചു. രാജ്യസഭാംഗം പി. വിൽസൺ ഉൾപ്പെടെയുള്ളവരും നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.