സ്കൂൾ കുട്ടികളുടെ കണക്കെടുപ്പ് ജൂൺ 10ന് പൂർത്തിയാകും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സിലബസ് സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ആറാം പ്രവൃത്തി ദിനമായ നാളെ പൂർത്തിയാകും. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു പുറമേ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ കണക്കും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടൽ വഴി ശേഖരിക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്.
എണ്ണം സംബന്ധിച്ച തട്ടിപ്പും ഇരട്ടിപ്പും ഒഴിവാക്കാൻ കുട്ടികളുടെ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പല സ്കൂളുകളും പൂർത്തിയാക്കി കഴിഞ്ഞു. ജൂൺ10ന് വൈകിട്ട് 5 വരെ നൽകുന്ന കണക്ക് മാത്രമേ പരിഗണിക്കൂ. ഈ മാസം 1 വരെ ഈ തരത്തിൽ ശേഖരിച്ച കുട്ടികളുടെ കണക്ക് മന്ത്രി വി.ശിവൻകുട്ടി സ്കൂൾ തുറക്കും മുൻപേ പ്രഖ്യാപിച്ചിരുന്നു.
കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ അതിൽ കാര്യമായ വ്യത്യാസമുണ്ടാവാനിടയില്ല. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ കണക്കെടുപ്പാണ് നടക്കുന്നത്. കൃത്യമായ ആധാർ വിവരങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആധാർ ഇല്ല എന്ന പേരിൽ കുട്ടികൾക്കു സ്കൂളിൽ പ്രവേശനം നിഷേധിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
പേരിലെ അക്ഷരത്തെറ്റടക്കം ആധാറിലെ ചെറിയ പിഴവുകൾ സാങ്കേതിക ഏജൻസിയായ കൈറ്റ് പരിശോധിച്ച ശേഷം കണക്കെടുപ്പിനായി അംഗീകരിക്കുന്നുണ്ട്. കാര്യമായ പിഴവുകളുണ്ടെങ്കിൽ നേരിട്ട് മറ്റു രേഖകളടക്കം പരിശോധിച്ച് ഉറപ്പാക്കാൻ ജില്ലാതല അദാലത്ത് നടത്താനും ആലോചിക്കുന്നു. അത് അടുത്ത ആഴ്ച തന്നെയുണ്ടാകും. ഇത്തവണ ജൂലൈ 15നു മുൻപു തന്നെ തസ്തിക നിർണയം പൂർത്തിയാക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ തസ്തിക നിർണയ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതിലെ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തിയിട്ടുമില്ല. 2022–23ലെ തസ്തിക നിർണയവും അധ്യയന വർഷം അവസാനിക്കുന്ന ഘട്ടത്തിലാണ് പൂർത്തിയായത്. അതിനും ഫലമില്ലാതെ പോയി. ഹയർ സെക്കൻഡറിയിലും കുട്ടികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി തസ്തിക നിർണയത്തിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു.