പ്രവേശനപരീക്ഷ: പുതിയരീതി ആലോചിച്ച് കേന്ദ്രസർക്കാർ
Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) ഉൾപ്പെടെയുള്ള എല്ലാ പ്രവേശനപരീക്ഷകളും വർഷത്തിൽ ഒന്നിലേറെത്തവണ നടത്താനും കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ മാത്രം നടത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നു. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. കെ.രാധാകൃഷ്ണൻ സമിതി ഇതു പരിഗണിക്കുന്നുണ്ടെന്നാണു വിവരം. ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ–മെയിൻ) വർഷത്തിൽ 2 തവണയാണു നടത്തുന്നത്. ഇത്തരത്തിൽ ഒന്നിലേറെ തവണ പരീക്ഷ നടത്തുന്നതു വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുമെന്നും പരീക്ഷാനടത്തിപ്പ് എളുപ്പമാക്കുമെന്നുമാണു വിലയിരുത്തൽ. രാജ്യാന്തര മത്സരപരീക്ഷകൾ പലതും നടത്തുന്ന എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസിന്റെ (ഇടിഎസ്) സേവനം പ്രയോജനപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
ജീവനക്കാർ 25
∙ പ്രതിവർഷം കോടിക്കണക്കിനു വിദ്യാർഥികൾക്കുള്ള മത്സരപരീക്ഷകൾ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയിൽ (എൻടിഎ) സ്ഥിരം ജീവനക്കാർ 25 പേർ മാത്രം. മുന്നൂറിലേറെ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും സ്ഥിരം ജീവനക്കാർ പരിമിതമാണ്. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പഴി എൻടിഎയുടെ മേൽ ചുമത്തി കേന്ദ്രം കൈകഴുകാൻ ശ്രമിക്കുമ്പോഴാണ് അമിത ജോലിഭാരത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
∙പരിചയക്കുറവ് പ്രശ്നം
എൻടിഎയുടെ ചുമതല വഹിക്കുന്നത്10 അംഗ ഗവേണിങ് ബോഡിയാണ്. ഇവർക്ക് ആർക്കും മത്സരപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യമില്ലെന്ന് ആക്ഷേപമുണ്ട്. ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവിധ സർക്കാർ വകുപ്പുകളിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരും കരാർ ജീവനക്കാരുമാണ്. നിശ്ചിത സമയത്തിനു ശേഷം ജോലിയിൽനിന്നു മാറുമെന്നതിനാൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ഇവർക്കു സാധിക്കില്ല. വിദഗ്ധ സമിതി ഈ വിഷയങ്ങളും പരിശോധിക്കുന്നുണ്ട്.
∙1.23 കോടി വിദ്യാർഥികൾ
നീറ്റ്–യുജി, ജെഇഇ–മെയിൻ, യുജിസി–നെറ്റ് തുടങ്ങി ചെറുതും വലുതുമായ 34 മത്സര പരീക്ഷകൾ നടത്തുന്ന എൻടിഎയുടെ കീഴിൽ 2023 ൽ വിവിധ പരീക്ഷകൾ.