ADVERTISEMENT

കോട്ടയ്ക്കൽ. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം  തമിഴ്നാട്ടിൽ. കേരളത്തിലെ വിദ്യാലയങ്ങളിൽ പോയിട്ടില്ല. പെയിന്റിങ് തൊഴിലാളിയായ കോട്ടയ്ക്കൽ വലിയപറമ്പ് മുഹമ്മദ് അബ്ബാസ് എഴുതിയ പുസ്തകത്തിലെ ഒരധ്യായം കാലിക്കറ്റ് സർവകലാശാല ഒന്നാംവർഷ ബിഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജീവിതാനുഭവങ്ങൾ അടങ്ങിയ ‘‘വിശപ്പ്, പ്രണയം, ഉൻമാദം’’ എന്ന പുസ്തകത്തിലെ ‘‘ഇവാൻ ഇലിയച്ചിന്റെ ആത്മഹത്യാശ്രമം’’ എന്ന ഭാഗമാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ പാഠ്യവിഷയമാകുന്നത്.

മുഹമ്മദ് അബ്ബാസിന്റെ വാക്കുകളിൽ ‘‘എട്ടാംക്ലാസു വരെ മാത്രം പഠിച്ച ഒരു തമിഴൻ കുട്ടിയുടെ കുറിപ്പുകൾ മലയാളം ബിരുദ വിദ്യാർഥികൾ പഠിക്കുന്നു. ഒരുപക്ഷേ, കേരള ചരിത്രത്തിൽ തന്നെ ആദ്യസംഭവം’’. പതിറ്റാണ്ടുകൾക്കുമുൻപ് ജീവിതമാർഗം തേടി കോട്ടയ്ക്കലിൽ നിന്നു കന്യാകുമാരിയിലേക്കു കുടിയേറിയ തത്രംപള്ളി മുഹമ്മദ് - സൈനബ ദമ്പതികളുടെ 10 മക്കളിൽ എട്ടാമനാണ് അബ്ബാസ് (47). 33 വർഷം മുൻപ് കുടുംബം കോട്ടയ്ക്കലിലേക്കു തിരിച്ചുവന്നു. 

പെയിന്റിങ് തൊഴിലാളിയായ കോട്ടയ്ക്കൽ വലിയപറമ്പ് മുഹമ്മദ് അബ്ബാസ് എഴുതിയ പുസ്തകത്തിലെ ഒരധ്യായം കാലിക്കറ്റ് സർവകലാശാല ഒന്നാംവർഷ ബിഎ മലയാളം സിലബസിൽ ഉൾപ്പെടുത്തി
പെയിന്റിങ് തൊഴിലാളിയായ കോട്ടയ്ക്കൽ വലിയപറമ്പ് മുഹമ്മദ് അബ്ബാസ് എഴുതിയ പുസ്തകത്തിലെ ഒരധ്യായം കാലിക്കറ്റ് സർവകലാശാല ഒന്നാംവർഷ ബിഎ മലയാളം സിലബസിൽ ഉൾപ്പെടുത്തി

കന്യാകുമാരി പെരുംചിലമ്പ് സ്കൂളിൽ നിന്നുള്ള എട്ടാംക്ലാസ് യോഗ്യത കൈവശമുള്ള അബ്ബാസ് ഒൻപതാംക്ലാസ് പ്രവേശനത്തിനായി പല വിദ്യാലയങ്ങളുടെയും വാതിലിൽ മുട്ടി. ‘‘മലയാള ഭാഷ അറിയാത്തതിനാൽ വേണമെങ്കിൽ മൂന്നിലോ നാലിലോ അഡ്മിഷൻ തരാം.’’ ഇതായിരുന്നു അധികൃരുടെ നിലപാട്. പതിനാലാം വയസ്സിൽ ചെറിയ കുട്ടികൾക്കൊപ്പം പഠിക്കാൻ പ്രയാസമുള്ളതിനാൽ തുടർപഠനമെന്ന മോഹം ഉപേക്ഷിച്ചു. ഭാഷ അറിയാത്തതിനാൽ പിന്നീട്, ഒട്ടേറെ പ്രയാസങ്ങളുണ്ടായി. ബോർഡ് വായിക്കാൻ അറിയാത്തതിനാൽ മാറി കയറിയ ബസുകളിൽ നിന്നു അവഹേളിച്ചു ഇറക്കിവിട്ടു. കൂലിപ്പണിക്കുപോലും ആളുകൾ വിളിക്കാതെയായി. അങ്ങനെയാണ് കോട്ടയ്ക്കൽ പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വമെടുത്തു വായന തുടങ്ങിയത്. ഭാഷ പഠിക്കാനായി തുടങ്ങിയ വായന ഭ്രാന്തമായ ഒന്നായി മാറി. 

സമൂഹമാധ്യമങ്ങളിലെഴുതിയ അനുഭവക്കുറിപ്പുകൾ ശ്രദ്ധിക്കപ്പെട്ടതോടെ അവ ‘‘ഒരു പെയിന്റിങ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’’ എന്ന പേരിൽ പുസ്തകമായി ഇറങ്ങി. തീഷ്ണമായ ജീവിതാനുഭവങ്ങൾ തന്നെയാണ്  ‘‘വിശപ്പ്, പ്രണയം, ഉൻമാദം’’ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെയും കാതൽ. ‘‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല’’, ‘‘ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ’’ എന്നീ പേരുകളിൽ വായനാക്കുറിപ്പുകളും ‘‘വെറും മനുഷ്യർ’’ എന്ന ആത്മകഥയും പിന്നീട് പുറത്തിറങ്ങി.  ‘‘അബുവിന്റെ ജാലകങ്ങൾ’’ എന്ന നോവൽ അടുത്തിടെയാണ് ഇറങ്ങിയത്. കോഴിക്കോട്ടെ ഹോട്ടലിൽ ശുചീകരണമടക്കം ഒട്ടേറെ തൊഴിൽ ചെയ്ത അബ്ബാസ് ഭാര്യയും 3 കുട്ടികളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാൻ നിലവിൽ പെയിന്റിങ് ജോലിയാണ് ചെയ്യുന്നത്.

English Summary:

From Illiteracy to University Syllabus: The Inspiring Journey of Tamil Nadu’s Muhammad Abbas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com