പ്ലസ് വൺ സ്കൂൾ,കോംബിനേഷൻ മാറ്റം: അധ്യയന വർഷത്തെ പ്രവേശനം 31ന് പൂർത്തിയാകും
Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞവരിൽ സ്കൂൾ,കോംബിനേഷ ൻ മാറ്റത്തിന് അപേക്ഷ സമർപ്പിച്ചത് 45,508 പേർ. ഇതിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. ഇതനുസരിച്ചു നാളെ രാവിലെ 10 മുതൽ പുതിയ പ്രവേശനം നേടാനാകും. പ്രവേശനം നേടിയ അതേ സ്കൂളിൽ കോംബിനേഷൻ മാറ്റം ലഭിക്കുന്നവർക്കും അതനുസരിച്ചു പ്രവേശനം മാറ്റിനൽകണം. ആദ്യ സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലും മലപ്പുറം, കാസർകോട് ജില്ലകളിൽ പുതിയതായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലുമടക്കമാണു നിലവിൽ താഴ്ന്ന ഓപ്ഷനുകളിൽ പ്രവേശനം നേടിയവർക്കു മാറ്റത്തിനായി അവസരം നൽകിയത്.
ട്രാൻസ്ഫർ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂർത്തിയായ ശേഷം ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 22ന് ഉച്ചയ്ക്ക് ഒന്നിന് ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതനുസരിച്ചാകും രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്. 31ന് ആണ് ഈ അധ്യയന വർഷത്തെ പ്രവേശനം പൂർത്തിയാകുന്നത്.
വൊക്കേഷനൽ ഹയർ സെക്കൻഡറി: സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷനായി നാളെ മുതൽ 24 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ,സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതു മൂലം അലോട്മെന്റും പ്രവേശനവും നിഷേധിക്കപ്പെട്ടവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 23ന് രാവിലെ 10ന് പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒഴിവുകൾ പരിഗണിക്കാതെ തന്നെ കുട്ടികൾക്ക് അപേക്ഷയിൽ ഓപ്ഷൻ നൽകാം. എന്നാൽ, ഒഴിവുകൾ അനുസരിച്ചാകും വെയ്റ്റിങ് ലിസ്റ്റിൽനിന്നു കുട്ടികളെ പരിഗണിക്കുക.