നീറ്റ് പിജി: പരീക്ഷാർഥികളെ മുൾമുനയിൽ നിർത്തി വെബ്സൈറ്റ് തകരാർ
Mail This Article
തൃശൂർ ∙ മെഡിക്കൽ കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്കു പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ് പിജി) ഒരുങ്ങുന്ന പരീക്ഷാർഥികളെ 2 ദിവസം മുൾമുനയിൽ നിർത്തി വെബ്സൈറ്റ് തകരാർ. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അനുവദിക്കപ്പെട്ട അവസാന തീയതി ഇന്നു രാത്രി 11.55നു തീരാനിരിക്കെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻബിഇഎംഎസ്) വെബ്സൈറ്റ് നിശ്ചലമായതാണു പ്രശ്നം. വെള്ളിയാഴ്ച വൈകിട്ട് 6നു നിശ്ചലമായ സൈറ്റ് ഇന്നലെ വൈകിട്ട് അഞ്ചോടെയാണു പ്രവർത്തനക്ഷമമായത്.
ജൂൺ 23ൽ നിന്ന് ഓഗസ്റ്റ് 11ലേക്കു നീട്ടിയ പരീക്ഷയാണിത്. കേരളത്തിൽനിന്ന് 1.44 ലക്ഷം അപേക്ഷകരുണ്ട്. അനുവദിക്കപ്പെട്ട പഴയ പരീക്ഷാകേന്ദ്രത്തിൽ മാറ്റമുണ്ടാകുമെന്നും പുതിയതു തിരഞ്ഞെടുക്കണമെന്നും ദിവസങ്ങൾക്കു മുൻപാണ് അറിയിപ്പു ലഭിച്ചത്. അഡ്മിറ്റ് കാർഡിലെ ലോഗിൻ ഐഡിയും പുതിയ പാസ്‌വേഡും ഉപയോഗിച്ച്19 മുതൽ ഇന്നുവരെ പുതിയ കേന്ദ്രത്തിനായി അപേക്ഷിക്കാം. ഇപ്രകാരം ചെയ്തവർക്കു പുതിയ പാസ്‌വേഡ് വിജയകരമായി സെറ്റ് ചെയ്തുവെന്ന് എസ്എംഎസ് ലഭിച്ചെങ്കിലും സൈറ്റിലേക്കു കയറാൻ കഴിഞ്ഞില്ല. ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചിട്ടും പലർക്കും മറുപടി ലഭിച്ചില്ല.രണ്ടുദിവസം മുൻപ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ബാധിച്ച തകരാറാണു വെബ്സൈറ്റിനും വിനയായതെന്നാണു സൂചന.