ഇ ഗ്രാന്റ്സ്: കുടിശിക തീർക്കാനുള്ള നടപടികളുമായി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ പട്ടികവിഭാഗ-പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാന്റ്സ് കുടിശിക തീർക്കാനുള്ള നടപടികളുമായി സർക്കാർ. ഇ ഗ്രാന്റ് ഇനത്തിലുള്ള ബജറ്റ് വിഹിതമായി കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ ഉപയോഗിച്ചു കുടിശിക തീർപ്പാക്കാനാണു പട്ടികക്ഷേമ വകുപ്പിന്റെ തീരുമാനം. പട്ടികജാതിക്കാരായ 1,34,782 വിദ്യാർഥികൾക്കും പട്ടിക വർഗ വിഭാഗത്തിൽ 23,118 പേർക്കും ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറിയതായി മന്ത്രി ഒ.ആർ.കേളു അറിയിച്ചു. പട്ടികവർഗ വിഭാഗത്തിൽ വിതരണം പൂർത്തിയായി. മറ്റു പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള വിതരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ അധ്യയന വർഷം ഗ്രാന്റ് പൂർണമായും മുടങ്ങിയിരുന്നു.
ശരാശരി 12 ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഇ ഗ്രാന്റ് നൽകുന്നത്. 2023-24 വർഷത്തിലെ ഗ്രാന്റിന് അപേക്ഷിക്കാത്തവർക്ക് ഓഗസ്റ്റ് 15 വരെ ഇ ഗ്രാന്റ്സ് പോർട്ടലിൽ അപേക്ഷിക്കാൻ അവസരമുണ്ട്. 2024-25 വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് അപേക്ഷാ നടപടികളും പൂർത്തിയാക്കി വരികയാണ്.
പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനുള്ള കേന്ദ്ര വകയിരുത്തൽ വെട്ടിക്കുറച്ചതു തിരിച്ചടിയാകുമെന്നും വരുമാന പരിധിയുടെ പേരിൽ പട്ടികജാതി കുട്ടികൾക്കു കേന്ദ്ര സർക്കാർ നിഷേധിച്ച തുക കൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണു കേരളം പഠനാനുകൂല്യങ്ങൾ നൽകുന്നതെന്നും മന്ത്രി ഒ.ആർ.കേളു വ്യക്തമാക്കി.