ADVERTISEMENT

പ്ലസ്ടു ഓണപ്പരീക്ഷയ്ക്ക് ഇത്തവണയും ചോദ്യപ്പേപ്പർ സ്കൂളുകൾ സ്വന്തം നിലയ്ക്കു തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത മേഖലകളിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഉണ്ടായിരിക്കില്ല. പ്ലസ് വൺ വിദ്യാർഥികൾക്ക് ജൂലൈ 5 മുതൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പ്രവേശനം പൂർത്തിയാകാൻ വൈകിയ സാഹചര്യത്തിൽ ഓണപ്പരീക്ഷയില്ല.

കഴിഞ്ഞതിനു മുൻപത്തെ വർഷം വരെ ഓണപ്പരീക്ഷയ്ക്കുള്ള പൊതുവായ ചോദ്യപ്പേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കി സ്കൂളുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് സ്കൂളുകളോടു തന്നെ ചോദ്യപ്പേപ്പർ തയാറാക്കാൻ നിർദേശിച്ചത്. ഏതെങ്കിലും അധ്യാപക സംഘടനകളോ പ്രസിദ്ധീകരണ ശാലകളോ തയാറാക്കി നൽകുന്ന ചോദ്യപ്പേപ്പർ ഉപയോഗിക്കരുതെന്നു നിർദേശിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ തയാറാക്കി നൽകിയ ചോദ്യപ്പേപ്പറാണ് വ്യാപകമായി ഉപയോഗിച്ചത്. ഈ വർഷത്തെ സർക്കുലറിൽ സ്കൂൾ തലത്തിൽ തയാറാക്കണമെന്നല്ലാതെ മറ്റു നിർദേശങ്ങളൊന്നുമില്ല.

Representative Image. Photo Credit : Chinnapong / iStockPhoto.com
Representative Image. Photo Credit : Chinnapong / iStockPhoto.com

അതേസമയം ഓണപ്പരീക്ഷ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. ഏകീകൃത ചോദ്യപ്പേപ്പർ വകുപ്പ് തന്നെ തയാറാക്കി നൽകണമെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്എച്ച്എസ്ടിഎ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സ്വകാര്യ ചോദ്യപ്പേപ്പർ ലോബിയുടെ നിയന്ത്രണത്തിലാകുമെന്നും ചോദ്യപ്പേപ്പറിന്റെ പകർപ്പ് എടുത്ത് നൽകാനുള്ള സാമ്പത്തിക ബാധ്യത കൂടി വഹിക്കേണ്ടി വരുമെന്നും ചെയർമാൻ ആർ.അരുൺ കുമാറും ജനറൽ കൺവീനർ അനിൽ എം.ജോർജും ചൂണ്ടിക്കാട്ടി.

English Summary:

Kerala Plus Two Onam Exams 2024 - Schools to Set Question Papers, Plus One Exempted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com