ശനിയാഴ്ചത്തെ ക്ലാസിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; ഭൂരിപക്ഷം പേർക്കും വിയോജിപ്പ്
Mail This Article
തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ കൂട്ടുന്നതിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹിയറിങ്ങിൽ ഭൂരിപക്ഷം പേരും വിയോജിപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി സംഘടിപ്പിച്ച ഹിയറിങ്ങിൽ പങ്കെടുത്ത അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളെല്ലാം ആഴ്ചയിൽ തുടർച്ചയായി 6 പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തുന്നതിനെ എതിർത്തു.
ചൈൽഡ് സൈക്കോളജിസ്റ്റും ആരോഗ്യ–വിദ്യാഭ്യാസ വിദഗ്ധരും ശനിയും ഞായറും അവധി നൽകണമെന്ന നിലപാടാണു സ്വീകരിച്ചത്. 5 രക്ഷാകർതൃ പ്രതിനിധികളിൽ 2 പേർ പ്രവൃത്തിദിനം കൂട്ടണമെന്ന നിലപാടിലായിരുന്നു. അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം നയപരമായ തീരുമാനമെടുക്കുമെന്നു പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അറിയിച്ചു. ഈ അധ്യയന വർഷം പ്രവൃത്തിദിനം 220 ആക്കി ഉയർത്തി സർക്കാർ പ്രസിദ്ധീകരിച്ച സ്കൂൾ കലണ്ടർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി ഉത്തരവിലെ നിർദേശമനുസരിച്ചായിരുന്നു ഹിയറിങ്. ഹർജിക്കാരനായ കെപിഎസ്ടിഎ പ്രസിഡന്റ് കെ.അബ്ദുൽ മജീദും ഭരണപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജനറൽ സെക്രട്ടറി കെ.ബദറുന്നിസയും അടക്കമുള്ളവർ ശനിയാഴ്ച ക്ലാസ് പാടില്ലെന്നു വാദിച്ചു. സ്കൂൾദിനങ്ങൾ കൂട്ടാൻ ഹർജി നൽകിയ സ്കൂൾ മാനേജരും പിടിഎ പ്രതിനിധിയും ആ നിലപാട് ആവർത്തിച്ചു.