കാനഡയിൽ തൊഴിൽ അനുമതി: ആയിരത്തോളം പ്രോഗ്രാമുകളുമായി സർക്കാരിന്റെ പട്ടിക
Mail This Article
വിദേശ വിദ്യാർഥികൾക്കു പഠനശേഷം തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ്) ലഭിക്കുന്ന 966 അക്കാദമിക് പ്രോഗ്രാമുകളുടെ പട്ടിക കാനഡ സർക്കാർ പുറത്തുവിട്ടു. അഗ്രികൾചർ ആൻഡ് അഗ്രി–ഫുഡ്, ഹെൽത്ത്കെയർ, സയൻസ്–ടെക്നോളജി–എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് (STEM), ട്രേഡ്, ട്രാൻസ്പോർട്ട് എന്നിങ്ങനെ കാനഡയിൽ തൊഴിലാളികൾക്കു ക്ഷാമമുള്ള 5 മേഖലകളിലുള്ള പഠന പ്രോഗ്രാമുകളാണിവ.
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ജോലിക്കും സ്ഥിരതാമസാനുമതിക്കും (പെർമനന്റ് റസിഡൻസി) സാധ്യതയുള്ളവയിൽ ഹെൽത്ത്കെയർ, സയൻസ് ആൻഡ് ടെക്നോളജി കോഴ്സുകൾക്കു പുറമേ ഒട്ടേറെ ഫുഡ് ആൻഡ് അഗ്രികൾചർ കോഴ്സുകളുമുണ്ട്. ഇതു കേരളത്തിലെ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാണെന്നു സാന്റാമോണിക്ക സ്റ്റഡി അബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ബികോം, ബിബിഎ തുടങ്ങിയവ കഴിഞ്ഞവർക്ക് ബിസിനസ് ആൻഡ് മാനേജ്മെന്റ് കോഴ്സുകൾക്കു പകരം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, അഗ്രിബിസിനസ് തുടങ്ങിയവയിൽ പ്രവേശനം നേടാം. സർക്കാർ പുറപ്പെടുവിച്ച പട്ടികയിൽ ഉൾപ്പെടാത്തതെങ്കിലും കുറഞ്ഞത് 16 മാസം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നവർക്ക് കുടുംബത്തെ ഒപ്പം കൂട്ടാനും ജീവിതപങ്കാളിക്ക് വർക്ക് പെർമിറ്റോടെ വീസക്കും കാനഡ അനുവാദം നൽകുന്നു.
തൊഴിൽവിപണിയുടെ ആവശ്യമനുസരിച്ച് വെൽഡിങ്, പ്ലമിങ്, ഓട്ടമോട്ടീവ് ടെക്നിഷ്യൻ, ബിൽഡിങ് സർവീസ് ടെക്നിഷ്യൻ, ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ള മേഖലകളിലും വിദേശവിദ്യാർഥികൾക്ക് അവസരമുണ്ട്. സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്സുകൾ, എൻവയൺമെന്റ് എൻജിനീയറിങ്, എൻവയൺമെന്റ് സസ്റ്റെയ്നബിലിറ്റി, എൻവയൺമെന്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള പരിസ്ഥിതി പഠന കോഴ്സുകൾ, ബയോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ലൈഫ് സയൻസസ്, ഫുഡ് ക്വാളിറ്റി, അഗ്രി ടെക്നോളജി, അഗ്രി ബിസിനസ് എന്നിവയിലും അവസരമുണ്ട്.