വിദേശപഠനത്തിനു പോകാനൊരുങ്ങുകയാണോ?; ‘ഇക്കാര്യം’ ശ്രദ്ധിച്ചില്ലെങ്കിൽ വഴിയാധാരമാകും
Mail This Article
വിദേശപഠനത്തിനു പോകുന്നവർ എപ്പോഴും അവസാന നിമിഷം ചിന്തിക്കുന്ന ഒരു കാര്യമുണ്ട് – താമസസൗകര്യം! മറ്റൊരു രാജ്യത്തിലേക്കു പോകുമ്പോൾ താമസം എങ്ങനെയാണെന്നത് വളരെ നിർണായകമാണെന്നത് പലരും മറക്കും. പരിചയക്കാർ വഴി താമസസ്ഥലം തിരഞ്ഞു കണ്ടെത്തുന്നവരും വിദേശത്തു ചെന്നിട്ട് കാര്യങ്ങൾ സൗകര്യപൂർവം കണ്ടെത്താം എന്നു കരുതുന്നവരും കുറവല്ല.
ഏതു രാജ്യത്തു പഠിക്കാനൊരുങ്ങുമ്പോഴും ആദ്യം ഉറപ്പാക്കേണ്ടത് താമസസൗകര്യമാണ്, അത് എവിടെയാണ് വേണ്ടതെന്നാണ്. രണ്ടു രീതിയിൽ താമസസൗകര്യം കണ്ടെത്താം – സർവകലാശാല ക്യാംപസിന്റെ അകത്ത്, അതുമല്ലെങ്കിൽ സർവകലാശാല ക്യാംപസിന്റെ പുറത്തുള്ള താമസ സൗകര്യം. സർവകലാശാല ക്യാംപസിന്റെ അകത്ത് താമസസൗകര്യം തിരഞ്ഞെടുക്കുമ്പോൾ ഏറെക്കുറെ സുരക്ഷിതത്വം ഉറപ്പാണ്.
സർവകലാശാലയുടെ നിരീക്ഷണത്തിന്റെ കീഴിലായതു കൊണ്ട് മാത്രമല്ല താമസസൗകര്യം മുൻക്കൂട്ടി അന്വേഷിച്ചു തരപ്പെടുത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. കാരണം വിദ്യാർഥികൾക്ക് എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ നേരിട്ട് അധികൃതരോട് സൂചിപ്പിക്കാൻ സാധിക്കും. സർവകലാശാല ക്യാംപസുകളിലെ താമസം ചെലവേറിയതാണെങ്കിലും താമസസൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ക്യാംപസിനു പുറത്തുള്ള സൗകര്യങ്ങളെക്കാളും മികച്ചതായിരിക്കും. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ താമസസൗകര്യങ്ങൾ നേരിൽ കണ്ട് ഉറപ്പുവരുത്താൻ എനിക്കു സാധിച്ചിട്ടുണ്ട്. സർവകലാശാലകളിലെ താമസസൗകര്യങ്ങൾ അടുക്കം ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്നതാണ്. ചില സർവകലാശാലകളിലെ ക്യാംപസ് സൗകര്യങ്ങളിൽ വിദ്യാർഥികളുടെ മുറികളിൽ ഡബിൾ വാൾ ചെയ്ത് സൗണ്ട്പ്രൂഫാക്കിയിരിക്കുന്നത് കാണാൻ സാധിച്ചു.
പുറത്തു നിന്നുള്ള ശബ്ദം തടയുന്നതിനൊപ്പം അതിശൈത്യ കാലങ്ങളിൽ വെളിയിൽനിന്നുള്ള തണുപ്പു തടയുവാനും സാധിക്കുന്നതാണ് ഇതിന്റെ മേന്മ. മികച്ച താമസസൗകര്യങ്ങൾക്ക് നിശ്ചിത കാലത്തിനു മുൻപേ തന്നെ അപേക്ഷിച്ചാൽ അതിനുള്ള ചെലവിൽ ചില കിഴിവുകൾ നൽകാനും ചില സർവകലാശാലകൾ സന്നദ്ധമാണ്. ഇതിനനുസരിച്ച് ഒന്നാം വർഷം സൗജന്യമായും രണ്ടും മൂന്നും വർഷങ്ങളിൽ ഫീസ് അടച്ചും താമസസൗകര്യം നേടാനാകും.
ജർമനിയിലെ സൗജന്യ പഠന അവസരങ്ങളെക്കുറിച്ച് അറിയാം