വർക്കിങ് ഹോളിഡേ മേക്കർ വീസ; രണ്ടാഴ്ച കൊണ്ട് 40,000 അപേക്ഷകൾ
Mail This Article
ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയിലെ യുവാക്കൾക്കു വേണ്ടി പുതുതായി അവതരിപ്പിച്ച വർക്കിങ് ഹോളിഡേ മേക്കർ വീസയിലേക്ക് ഇതിനോടകം അപേക്ഷിച്ചതു 40,000 പേർ. 18–30 പ്രായപരിധിയിലുള്ള യുവാക്കൾക്ക് ഓസ്ട്രേലിയയിൽ 12 മാസം താമസിച്ചു ജോലി ചെയ്യാനും പഠിക്കാനും അവസരം നൽകുന്ന വീസ ഈ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അപേക്ഷ ക്ഷണിച്ചു രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയേറെ പേർ അപേക്ഷിച്ചതെന്നു ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി മാറ്റ് തിസ്‌ലെവൈറ്റാണ് പറഞ്ഞു.
പ്രത്യേക പദ്ധതിയുടെ ഭാഗമായി ഈ വർഷം 1000 വീസയാണ് അനുവദിക്കുക. ഈ മാസം അവസാനം വരെ അപേക്ഷിക്കാൻ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത വർഷമാദ്യം മുതൽ ഓസ്ട്രേലിയയിൽ താമസിക്കാൻ സാധിക്കും.
ഓസ്ട്രേലിയൻ സംസ്കാരവും മറ്റും മനസ്സിലാക്കി വിവിധ മേഖലയിൽ അനുഭവസമ്പത്ത് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നു കേന്ദ്രസർക്കാർ പറഞ്ഞു. ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ ഏതു മേഖലയിലും ജോലി ചെയ്യാൻ സാധിക്കുമെന്നതാണു ഈ വീസയുടെ നേട്ടം. ഇംഗ്ലിഷ് നൈപുണ്യം ഉൾപ്പെടെയുള്ള വിവിധ ഹ്രസ്വകാല കോഴ്സുകൾ ചെയ്യാനും അവസരമുണ്ട്.