നഴ്സിങ്: ഒഴിവുള്ള മെറിറ്റ് സീറ്റിൽ മാനേജ്മെന്റ് പ്രവേശനമില്ല; തർക്കം
Mail This Article
തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജുകളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തെച്ചൊല്ലി മാനേജ്മെന്റുകളും ആരോഗ്യ വകുപ്പും രണ്ടുതട്ടിൽ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (എൻഎംസി) നിർദേശപ്രകാരം 31ന് അകം പ്രവേശനം പൂർത്തിയാക്കണം. പ്രവേശനം തീരുന്നതിനു 15 ദിവസം മുൻപ് സർക്കാർ സീറ്റിലേക്കുള്ള അഡ്മിഷൻ അവസാനിപ്പിക്കുന്നതാണ് മുൻവർഷങ്ങളിലെ പതിവ്. ശേഷിക്കുന്ന 15 ദിവസം, സിലക്‌ഷൻ ലഭിച്ച വിദ്യാർഥികളിൽ ആരെങ്കിലും കോഴ്സിനു ചേരാതിരുന്നാൽ ആ സീറ്റുകളിൽ മാനേജ്മെന്റുകൾക്കു പ്രവേശനം നടത്താം. ഇത്തവണ മുതൽ ആ രീതി വേണ്ടെന്നാണ് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നിർദേശം.
മാനേജ്മെന്റ് കോളജുകളിലെ മെറിറ്റ് സീറ്റിലേക്കു 31 വരെ പ്രവേശനം നടത്താൻ എൽബിഎസിന് നിർദേശം നൽകി. 31നു ശേഷം പ്രവേശനം നടത്താൻ സാധിക്കില്ല. ഈ കാലാവധിക്കു ശേഷം ഏതെങ്കിലും വിദ്യാർഥി സീറ്റ് ഉപേക്ഷിച്ചാൽ പകരം പ്രവേശനവും സാധ്യമാകില്ല. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് തങ്ങൾക്കു നഷ്ടമാകുമെന്നാണ് മാനേജ്മെന്റുകളുടെ വാദം.
മറ്റു കുട്ടികൾക്കുള്ള അവസരവും നഷ്ടമാകും. നിർദേശം പിൻവലിക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ നാളെ മന്ത്രി വീണാ ജോർജിനെ കാണും.