സംസ്ഥാനത്തും 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡിന് ശുപാർശ
Mail This Article
ബിഎ, ബിഎസ്‌സി, ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടുവാകും അടിസ്ഥാന യോഗ്യത. നിലവിലുള്ള 2 വർഷ ബിഎഡും തുടരും.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 4 വർഷ ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാണ് നാഷനൽ ടീച്ചർ എജ്യുക്കേഷൻ കൗൺസിലിന്റെ ശുപാർശ. ബിഎഡ് സെന്ററുകളിലും 4 വർഷ പ്രാേഗ്രാമിനു സർക്കാർ അനുമതി തേടും. ഡിഎൽഎഡ് ഉൾപ്പെടെയുള്ള അധ്യാപക പരിശീലന കോഴ്സുകൾ ഭാവിയിലുണ്ടാകില്ല. പകരം 4 വർഷ ബിഎഡിൽ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകളും വരും. ഇതിനനുസരിച്ചായിരിക്കും സ്കൂളുകളിലെ വിവിധ സെക്‌ഷനുകളിൽ പഠിപ്പിക്കാനുളള അവസരം. കോഴ്സ് പൂർത്തിയാക്കുമ്പോൾ എംഎ, എംഎസ്‌സി, എംകോം, എംഎഡ് എന്നിങ്ങനെ പിജി കോഴ്സുകൾക്കും ചേരാം. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ഇപ്പോൾ ബിഎ ബിഎഡ്, ബിഎസ്‌സി ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സുകളുള്ളത്.
കരിക്കുലം കമ്മിറ്റി റിപ്പോർട്ട് മന്ത്രി ആർ.ബിന്ദുവിന് കമ്മിറ്റി ചെയർമാൻ പ്രഫ. മോഹൻ ബി.മേനോൻ കൈമാറി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കമ്മിറ്റി കൺവീനർ ഡോ.മുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു. കരിക്കുലം കമ്മിറ്റിയിൽ ഡോ.കെ.അനിൽ കുമാർ, ഡോ.ജെ.വി.ആഷ, ഡോ.കെ.സാജൻ, ഡോ.കെ.പി. സുരേഷ്, ഡോ.ടി.സി.തങ്കച്ചൻ എന്നിവർ അംഗങ്ങളായിരുന്നു. റിസർച് ഓഫിസർ ഡോ. മനുലാൽ പി.റാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളെയും ബിഎഡ് കോളജുകളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചകൾക്കു ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിന്റെ പൂർണരൂപം കൗൺസിൽ വെബ്സൈറ്റിൽ (www.kshec.kerala.gov.in).