ഇനി സർജറിക്ക് ഡോക്ടർമാരെ കിട്ടാതെ വരുമോ? നീറ്റ് പിജിക്ക് പ്രിയം ജനറൽ മെഡിസിൻ
Mail This Article
ന്യൂഡൽഹി∙ മെഡിക്കൽ വിദ്യാർഥികൾക്കു സർജിക്കൽ വിഷയങ്ങളിൽ ഉപരിപഠന താൽപര്യം കുറയുന്നു. മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി ദേശീയ കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ആദ്യ റാങ്കുകാർ ഭൂരിഭാഗവും തിരഞ്ഞെടുത്തതു സർജറി ഇതര കോഴ്സുകൾ. ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് കോഴ്സുകൾക്കാണു പ്രിയമേറെ. കഴിഞ്ഞ വർഷങ്ങളിലും സമാന സ്ഥിതിയായിരുന്നെന്നു വിദഗ്ധർ പറയുന്നു. സർജിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ നേരിടേണ്ടിവരുന്ന ജോലിഭാരവും മറ്റു സമ്മർദവുമെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഡെർമറ്റോളജിയാണു സമീപകാലത്ത് ജനപ്രിയമായി മാറിയ മറ്റൊരു ഉപരിപഠന മേഖല.
കഴിഞ്ഞ വർഷത്തെ നീറ്റ് പിജി കൗൺസലിങ്ങിൽ ആദ്യ 100 റാങ്ക് ജേതാക്കളിൽ 41 പേരാണു ജനറൽ മെഡിസിൻ തിരഞ്ഞെടുത്തത്. 28 പേർ റേഡിയോ ഡയഗ്നോസിസ് തിരഞ്ഞെടുത്തപ്പോൾ എംഎസ് സർജറി തിരഞ്ഞെടുത്തതു 2 പേർ മാത്രം. ഈ വർഷം ജനറൽ മെഡിസിൻ തിരഞ്ഞെടുത്തതു 48 പേരാണ്. സർജറി 2 പേർ മാത്രം. ഡോക്ടർമാർക്കെതിരെ നടക്കുന്ന കയ്യേറ്റവും അതിക്രമവും ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ മാറ്റത്തിനു കാരണമായി പറയപ്പെടുന്നു. സുരക്ഷിതമായ ജോലി, നിശ്ചിത സമയക്രമം തുടങ്ങിയ പല വിഷയങ്ങളുമുണ്ട്. ന്യൂക്ലിയർ മെഡിസിൻ പോലുള്ള മേഖലകളിലേക്കും ചെറുപ്പക്കാർ കൂടുതലായി വരുന്നുണ്ട്. മുൻവർഷങ്ങളിൽ ഒട്ടേറെപ്പേർ തിരഞ്ഞെടുത്തിരുന്ന അനസ്തീസിയോളജി, പൾമനറി മെഡിസിൻ എന്നിവയിലും ഇക്കുറി താൽപര്യം കുറഞ്ഞു. അഖിലേന്ത്യാ റാങ്കിങ്ങിൽ 1095 നേടിയ ആളാണു സീറ്റ് അലോട്ട്മെന്റിൽ ആദ്യമായി എംഡി പൾമനറി മെഡിസിൻ തിരഞ്ഞെടുത്തത്. 1447–ാം റാങ്ക് ജേതാവിനാണ് ആദ്യ എംഡി അനസ്തീസിയോളജി സീറ്റ് അനുവദിച്ചത്.
∙ കമ്യൂണിറ്റി മെഡിസിൻ ആദ്യ സീറ്റ് നേടിയതു 4231 റാങ്ക് ജേതാവ്, പതോളജിയിൽ ഇതു 5831–ാം റാങ്ക് നേടിയയാൾ.
∙ ഓർത്തോപീഡിക്(അസ്ഥിരോഗം) വിഭാഗത്തിൽ ഉപരിപഠനത്തിന് ആദ്യ 1500 റാങ്ക് ജേതാക്കളിൽ 32 പേർ മാത്രം(2.13%). ഇഎൻടി വിഭാഗത്തിൽ ഇതു 3 പേർ മാത്രമാണ്(0.20%).
∙ ആദ്യ 1500 റാങ്ക് ജേതാക്കളിൽ സർജിക്കൽ വിഭാഗം തിരഞ്ഞെടുത്തത് ആകെ 14.26% പേർ മാത്രമാണ്. നോൺ സർജിക്കൽ ശാഖകളിലാണ് 85.74% പേരും പ്രവേശനം നേടിയത്.