ADVERTISEMENT

ന്യൂഡൽഹി ∙ ബിരുദ, ബിരുദാനന്തര പഠനരംഗത്ത് അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന കരട് റിപ്പോർട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പ്രസിദ്ധീകരിച്ചു. മുൻപു യുജിസി അവതരിപ്പിച്ച വിവിധ ശുപാർശകളും ചേർത്താണ് യുജി,പിജി പഠനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ അറിയിക്കാൻ 23 വരെ അവസരമുണ്ട്. വിവരങ്ങൾക്ക്: https://www.ugc.gov.in/

ഇഷ്ടവിഷയത്തിന് എൻട്രൻസ്
പന്ത്രണ്ടാം ക്ലാസിലെ പഠനത്തിന് അനുസരിച്ചാണു ബിരുദത്തിലെ വിഷയം തിരഞ്ഞെടുക്കാൻ നിലവിൽ അവസരം. ഇതിനുപകരം 12ൽ ഏതു വിഷയം പഠിച്ചാലും ദേശീയ തലത്തിലോ, സർവകലാശാല തലത്തിലോ ഉള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയാൽ ഇഷ്ടവിഷയത്തിൽ ഉപരിപഠനം നടത്താം. ഏതു വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയാലും എൻട്രൻസിൽ വിജയിച്ച്, ഇഷ്ടമുള്ള   പിജിയും പഠിക്കാം. ഒരേസമയം 2 വിഷയങ്ങളിൽ യുജി/പിജി പഠനവും അനുവദിക്കും.

വർഷത്തിൽ 2 തവണ പ്രവേശനം
നിലവിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലാണു പ്രവേശനം. ഇതിനൊപ്പം ജനുവരി/ഫെബ്രുവരി മാസത്തിലും പ്രവേശനം നടത്താമെന്നു നിർദേശിക്കുന്നു. മൾട്ടിപ്പിൾ എൻട്രി/എക്സിറ്റ് അവസരവും ഉണ്ടാകും. വൊക്കേഷനൽ പ്രോഗ്രാമുകളിൽനിന്നു പരമ്പരാഗത പ്രോഗ്രാമുകളിലേക്കും തിരിച്ചും മാറാനുള്ള സൗകര്യം ഒരുക്കണമെന്നും ശുപാർശ.

ഹാജറിൽ കാർക്കശ്യമില്ല
സ്ഥാപനങ്ങൾക്കു പ്രോഗ്രാമുകളുടെ സ്ഥിതി അനുസരിച്ചു കുറഞ്ഞ ഹാജർനില നിശ്ചയിക്കാം. സ്ഥാപനങ്ങളിലെ ഗവേണിങ് കൗൺസിലിന്റെ അനുമതി മാത്രം മതി. നിലവിൽ യൂണിവേഴ്സിറ്റിയാണു ഹാജർ മാനദണ്ഡം നിശ്ചയിക്കുന്നത്.

പരീക്ഷയിൽ സ്വാതന്ത്ര്യം
പരീക്ഷയുടെ കാര്യത്തിലും സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം സ്വീകരിക്കാം. ഓൺലൈൻ, ഓഫ്‌ലൈൻ, വൈവ തുടങ്ങി ഏതു രീതിയും സ്വീകരിക്കാം. പരീക്ഷ ഏതു തരത്തിലാണെന്നു അക്കാദമിക് ഘട്ടത്തിന്റെ തുടക്കത്തിൽ അറിയിക്കണം. തുടർമൂല്യനിർണയവും ഇതിനൊപ്പം നിർബന്ധമായി വേണം. ഇതിനായിരിക്കണം കൂടുതൽ പ്രാധാന്യം.

ഇന്റേൺഷിപ് നിർണായകം
ബിരുദ പഠനം പൂർത്തിയാക്കാനുള്ള ആകെ ക്രെഡിറ്റിന്റെ പകുതിയെങ്കിലും പ്രധാന വിഷയത്തിൽ നിന്നുവേണം. ബാക്കിയുള്ള 50% ക്രെഡിറ്റ് നൈപുണ്യ കോഴ്സുകൾ, മൾട്ടിഡിസിപ്ലിനറി വിഷയങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ നേടാം.

ആക്സിലറേറ്റഡ്, എക്സ്റ്റൻഡഡ് ബിരുദം
3 വർഷ (6 സെമസ്റ്റർ) ബിരുദ പ്രോഗ്രാമിന് ആവശ്യമായ ക്രെഡിറ്റ് നേരത്തേ സ്വന്തമാക്കി 5 സെമസ്റ്ററിൽ പഠനം പൂർത്തിയാക്കാം. 4 വർഷ (8 സെമസ്റ്റർ) പ്രോഗ്രാമാണെങ്കിൽ പരമാവധി രണ്ടു സെമസ്റ്റർ വരെ ഇത്തരത്തിൽ കുറയ്ക്കാം. 3, 4 വർഷ പ്രോഗ്രാമുകളിൽ ഓരോ സെമസ്റ്ററിലും നേടേണ്ട ക്രെഡിറ്റുകൾ കുറച്ച് അധികമായി 2 സെമസ്റ്റർ കൂടി പഠിക്കാനും സാധിക്കും.

അഡ്വാൻസ്ഡ് പിജി
ഫിസിക്സ്, മാത്‌സ് തുടങ്ങിയ വിഷയങ്ങളിൽ 4 വർഷ ബിരുദ (ഓണേഴ്സ്/ഓണേഴ്സ് വിത്ത് റിസർച്) നേടുന്നവർക്ക് എംടെക്, എംഇ പ്രോഗ്രാമുകളിൽ ചേരാം.

English Summary:

University Grants Commission, proposes significant reforms to undergraduate and postgraduate education in India, introducing flexibility in admissions, attendance, and assessment methods while promoting internships and advanced study options.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com