യുഎസിൽനിന്ന് ഇന്ത്യയിലെത്തിയ വിദ്യാർഥികളുടെ എണ്ണത്തിൽ 300 ഇരട്ടി വർധന: ജീൻ ബ്രിഗാന്റി
Mail This Article
കോട്ടയം ∙ വിദ്യാഭ്യാസരംഗത്ത് യുഎസും ഇന്ത്യയുമായുള്ള സഹകരണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചതായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫിസർ ജീൻ ബ്രിഗാന്റി പറഞ്ഞു. ഓപ്പൺ ഡോഴ്സ് റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് 3,30,000 വിദ്യാർഥികൾ പഠനത്തിനായി യുഎസിലെത്തി. ഏറ്റവുമധികം വിദ്യാർഥികൾ യുഎസിൽ എത്തിയതും ഇന്ത്യയിൽനിന്നാണ്. യുഎസിൽനിന്ന് ഇന്ത്യയിലെത്തിയ വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 300 ഇരട്ടി വർധിച്ചെന്നും ജീൻ ബ്രിഗാന്റി ‘മനോരമ’യോടു പറഞ്ഞു.
യുഎസിലെ വിവിധ സർവകലാശാലകളുടെ സാന്നിധ്യം ഇന്ത്യയിൽ വർധിപ്പിക്കാനും യുഎസ് വിദ്യാർഥികളെ കൂടുതലായി ഇന്ത്യയിലേക്ക് എത്തിക്കാനും പദ്ധതികളുണ്ട്. ഹൈസ്കൂൾ മുതൽ സർവകലാശാലാ തലം വരെയുള്ള വിദ്യാർഥികളെ ഇരുരാജ്യങ്ങളിലും എത്തിച്ചു പഠിപ്പിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി (കുസാറ്റ്) സഹകരിച്ച് ആരംഭിച്ച അമേരിക്കൻ കോർണർ പോലുള്ള പദ്ധതികൾ ഇതിന് ഉപകരിക്കും. ഇന്ത്യയിൽ വിശാഖപട്ടണത്തിനും ഹൈദരാബാദിനും പുറമേയാണു കൊച്ചിയിലും കോർണർ തുടങ്ങിയത്. ഇതുപോലെ അറുനൂറിലേറെ കേന്ദ്രങ്ങൾ 150 രാജ്യങ്ങളിലുണ്ട്. യുഎസിലെ പഠനസാധ്യതകൾ ഉൾപ്പെടെ ഇവിടെനിന്നു മനസ്സിലാക്കാം. ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം വളർത്താനും ഈ കേന്ദ്രങ്ങൾ പ്രാധാന്യം നൽകും. ഹരിതോർജം വികസിപ്പിക്കാൻ ഐഐടി മദ്രാസുമായി സഹകരിച്ച് ദക്ഷിണേന്ത്യയിൽ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും ജീൻ ബ്രിഗാന്റി പറഞ്ഞു.