ADVERTISEMENT

മറൈൻ എൻജിനീയറിങ് പഠിച്ചാണ് കപ്പലിൽ ക്യാപ്റ്റൻ ആകുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാൽ മെർച്ചന്റ് നേവിയിൽ ഡെക്ക്, എൻജിൻ, കാറ്ററിങ് എന്നിങ്ങനെ വെവ്വേറെ ഡിപ്പാർട്മെന്റുകൾ ഉണ്ട്‌, അതിൽ കയറിപ്പറ്റാൻ ചെയ്യേണ്ട കോഴ്സുകളും വ്യത്യസ്തങ്ങളാണ്. പ്ലസ്ടു സയൻസിൽ ഗവണ്മെന്റ് നിർദേശിച്ചിരിക്കുന്ന മാർക്ക്‌ (PCM-60%) ഇംഗ്ലിഷ് 50% ഉണ്ടെങ്കിൽ 3 വർഷത്തെ കോഴ്സ് ആയ ബിഎസ്‌സി നോട്ടിക്കൽ സയൻസ്, അല്ലെങ്കിൽ മേൽപറഞ്ഞ ഡിഗ്രിയിലേക്ക് നയിക്കുന്ന 1 വർഷത്തെ കോഴ്സ് ആയ ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (DNS) ചെയ്തു ഡെക്ക് കേഡറ്റ് എന്ന ട്രെയ്നി ഓഫിസർ ആയി കപ്പലിൽ കയറാം. കപ്പലിലെ പരിശീലനത്തിന് ശേഷം തിരിച്ചു വന്നു കോഴ്സുകളും പരീക്ഷയും പാസ്സായാൽ തേഡ് ഓഫിസർ എന്ന റാങ്കിൽ ജോലിക്കു കയറാം. പിന്നീട് പടിപടിയായി ഉയർന്നു ക്യാപ്റ്റൻ വരെ ആകാം.

എൻജിനീയറിങ്ങിൽ താല്പര്യം ഉള്ളവർക്കു മുൻപ് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ 4 വർഷത്തെ കോഴ്സ് ആയ മറൈൻ എൻജിനീയറിങ് പഠിച്ചു ട്രെയിനി മറൈൻ എൻജിനീയർ ആയിട്ടു പരിശീലനം തുടങ്ങാം. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് ഒരു വർഷത്തെ കോഴ്സ് ആയ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (GME) പഠിച്ചാലും ട്രെയിനി മറൈൻ എൻജിനീയർ ആകാം. പിന്നീട് പരീക്ഷ പാസ്സായി ഫോർത്ത് എൻജിനീയർ എന്ന റാങ്കിൽ ജോലിക്കു കയറി പടിപടിയായി ഉയർന്ന് ചീഫ് എൻജിനീയർ വരെയാകാം.

ക്യാപ്റ്റനും ചീഫ് എൻജിനീയർക്കും ആണ് ഏറ്റവും ഉയർന്ന ശമ്പളം. രണ്ടു ഡിപ്പാർട്മെന്റിലും തത്തുല്യമായ റാങ്കുകളിലെ ശമ്പളം ഒരുപോലെയാണ്, എന്നാൽ ജോലികൾ വെവ്വേറെയാണ്. കോഴ്സ് തുടങ്ങുമ്പോൾ ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സാണ്

ഇലട്രിക്കൽ/ഇലക്ട്രോണിക്സ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് 60% മാർക്കോടെ പാസായാൽ ഇടിഒ എന്ന കോഴ്സ് ചെയ്തു ട്രെയിനി ആയി കപ്പലിൽ കയറി പരീക്ഷ പാസ്സായി ഇലക്ട്രിക്കൽ ഓഫിസർ ആകാം.

10 ാം ക്ലാസ്സിൽ 40% മാർക്കിൽ പാസ്സായവർക്കും കപ്പലിൽ ജോലിക്ക് കയറാം. അതിനായി ജനറൽ പർപസ് റേറ്റിങ് (GP rating) എന്ന കോഴ്സ് ചെയ്തു ഡെക്ക്/എൻജിൻ ഡിപ്പാർട്മെന്റിൽ ക്രൂ ആയി കയറാം. ഓഫിസർ /എൻജിനീയറെ അപേക്ഷിച്ചു ശമ്പളം കുറവാണെങ്കിലും ഒരു ലക്ഷത്തിൽപരം ശമ്പളം നേടാം. അത് പോലെ CCMC (സർട്ടിഫൈഡ് കോഴ്സ് ഇൻ മാരിടൈം കാറ്ററിങ് ) കോഴ്സ് ചെയ്താൽ ജനറൽ സ്റ്റുവാർഡ് ആയിട്ടു കാറ്ററിങ് ഡിപ്പാർട്മെന്റിൽ ജോലിക്കു കയറി ചീഫ് കുക്ക് വരെ ആകാം. ഈ കോഴ്സ് പഠിക്കണമെങ്കിലും 10–ാം ക്ലാസ്സ്‌ ആണ് യോഗ്യത.

കാഴ്ചശക്തിയിലും മെഡിക്കൽ ഫിറ്റ്നെസ്സിലും ഗവണ്മെന്റ് നിർദേശിച്ചിരിക്കുന്ന യോഗ്യത ആവശ്യമാണ്. ഇതൊക്കെയാണെങ്കിലും ട്രെയ്നിങ്ങിന് കപ്പൽ കിട്ടുക എന്നത് ശ്രമകരമാണ്. അത് കൊണ്ട് കമ്പനി സ്പോൺസിർഷിപ് എക്സാം പാസ്സാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.. അല്ലെങ്കിൽ കോഴ്സിന് ശേഷം ഏജന്റുമാർക്കു ലക്ഷങ്ങൾ കൊടുക്കേണ്ടി വരും. അതിൽത്തന്നെ കുറേ പേരൊക്കെ  കബളിപ്പിക്കപ്പെടുന്നുമുണ്ട്.

DNS, GME എന്നീ കോഴ്സുകൾ തുടങ്ങുന്നതിനു മുൻപാണ് സ്പോൺസർഷിപ് പരീക്ഷകൾ നടക്കുന്നതെങ്കിൽ ബാക്കി കോഴ്സുകൾ നടക്കുന്നതിന്റെ ഇടയ്ക്കാണ് ക്യാംപസ് സിലക്‌ഷൻ നടക്കുന്നത്. ഗവണ്മെന്റ് അപ്രൂവ്ഡ് ആയിട്ടുള്ള കോളജുകളിൽ മാത്രം പഠിക്കുക, അവിടുത്തെ പ്ലേസ്‌മെന്റ് ചരിത്രം ഒക്കെ അന്വേഷിച്ചിട്ടു മാത്രം ചേരുക.''

(ലേഖകൻ മർച്ചന്റ് നേവിയിൽ ചീഫ് ഓഫീസറായി ജോലി ചെയ്യുന്നു അഭിപ്രായങ്ങൾ വ്യക്തിപരം ) 

English Summary: Career Scope of Merchant Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com