ADVERTISEMENT

വീട് മാറി പെണ്ണു കണ്ട് ഒടുവിൽ ബിസിനസിലും ജീവിതത്തിലും പങ്കാളികളായ രണ്ടുപേരുടെ കഥ പറഞ്ഞ ചിത്രമാണ് 2019 ൽ ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണമിയും എന്ന റൊമാന്റിക് കോമഡി. സ്വന്തം ഇഷ്ടങ്ങളും അഭിരുചികളും കൃത്യമായി തിരിച്ചറിഞ്ഞിട്ടും മാതാപിതാക്കൾക്കുവേണ്ടി കരിയറിൽ വഴിമാറി സഞ്ചരിക്കേണ്ടി വന്നവരാണ് ചിത്രത്തിലെ നായികയും നായകനും. ആദ്യ കാഴ്ചയിൽ ഒട്ടും ചേർച്ചയില്ല എന്ന് പരസ്പരം പറയുന്നവർ ഒരു ഘട്ടത്തിൽ സ്വന്തം ശക്തിയും പോരായ്മകളും തിരിച്ചറിഞ്ഞ് പരസ്പരം താങ്ങായി സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നുണ്ട്.

 

ദീർഘവീക്ഷണമുള്ള, കൃത്യമായ സമയത്ത് പദ്ധതികൾ ആസൂത്രണം ചെയ്യാനും അതു നടപ്പിലാക്കാനും കരുത്തുള്ള സൗഹൃദങ്ങളെ ശരിയായ സമയത്ത് കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് അവർക്കു കരിയർ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. എല്ലാവരുടെയും ജീവിതത്തിൽ അത്തരം സൗഹൃദങ്ങൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ തീർച്ചയായും ലിങ്ക്ഡ് ഇൻ എന്ന പ്രഫഷനൽ നെറ്റ്‌‌വർക്കിങ് ടൂൾ നിങ്ങളെ സഹായിക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്ക മാതാപിതാക്കളെയും കുട്ടികളെയും ഒരുപോലെ അലട്ടുമ്പോൾ ഒരു ഉത്തമ സുഹൃത്തിനെപ്പോലെ, കരിയർ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ‍ ലിങ്ക്ഡ് ഇൻ നിങ്ങളെ സഹായിക്കും.

 

LINKEDIN-M&A/MICROSOFT

ലിങ്ക്ഡ്ഇൻ : വഴികാട്ടും ഉജ്വല ഭാവിയിലേക്ക്

 

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ– സമൂഹമാധ്യമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം കുട്ടികളുടെ മനസ്സിലേക്കു കടന്നു വരുന്നത് ഈ മൂന്നു പേരുകളാണ്. എന്നാൽ മനസ്സിനിണങ്ങിയ ജോലി കണ്ടെത്താൻ, പഠനകാലത്ത് മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യാൻ, കരിയർ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉപകരിക്കുന്ന ഒരു നെറ്റ്‌വർക്കിങ് ടൂൾ വെർച്വൽ ലോകത്തുണ്ടെന്ന് എത്ര കൂട്ടുകാർക്കറിയാം?. ലിങ്ക്ഡ് ഇൻ എന്നാണ് അതിന്റെ പേര്. പ്രഫഷനൽ രംഗത്ത് ഓൺലൈൻ സാന്നിധ്യത്തിനുള്ള ഏറ്റവും കാര്യക്ഷമമായ ടൂൾ എന്ന് ലിങ്ക്ഡ് ഇന്നിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. 

 

സ്വന്തം കഴിവുകളും യോഗ്യതകളുമുൾപ്പടെ വിശദീകരിച്ചുകൊണ്ടുള്ള ഒരു പ്രൊഫൈൽ ലിങ്ക്ഡ് ഇന്നിൽ തയാറാക്കിയാൽ കരിയർ സ്വപ്നങ്ങളിലേക്കുള്ള ആദ്യത്തെ ചുവട് വിജയകരമായി പൂർത്തിയാക്കി എന്ന് ഉറപ്പിച്ചു പറയാം. കാരണം വലതും ചെറുതുമായ ഭൂരിഭാഗം കമ്പനികളും യോഗ്യരായ ഉദ്യോഗാർഥികൾക്കുവേണ്ടി തിരയുന്നത് ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ നെറ്റ്്വർക്കിങ് സൈറ്റുകളിലാണ്. പരിചയത്തിലുള്ളവർ, ബന്ധുക്കൾ എന്നിവരുടെ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ഇന്റേൺഷിപ് ചെയ്യാനും ആദ്യജോലി ലഭിക്കാനുമുള്ള ചില അവസരങ്ങൾ ഇന്ത്യക്കാരായ മാതാപിതാക്കൾ ചിലപ്പോഴെങ്കിലും ഒരുക്കാറുണ്ട്. ഇഷ്ടമില്ലാതെയാകും കുട്ടികൾ ഇത് അനുസരിക്കുന്നത്. എന്നാൽ ഇടനിലക്കാരുടെയോ പരിചയക്കാരുടെയോ ആവശ്യമില്ലാതെ തൊഴിൽദാതാക്കളെ സ്വയം കണ്ടെത്തി ജോലിസ്വപന്ങ്ങൾ പടുത്തുയർത്താനുള്ള സാഹചര്യം ലിങ്ക്ഡ് ഇൻ ഒരുക്കുന്നു. ലിങ്ക്ഡ്ഇന്നിൽ നല്ലൊരു പ്രൊഫൈൽ സൃഷ്ടിക്കുന്നതിലൂടെ വെറും സമൂഹമാധ്യമ അക്കൗണ്ട് മാത്രമല്ല ഭാവിയിലേക്കുള്ള വഴികാട്ടിയെക്കൂട്ടിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക.

 

കോളജ് വിദ്യാർഥികൾക്ക് ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെ ആവശ്യകതയെന്ത്? 

 

പ്രഫഷനൽ ഓൺലൈൻ പ്രസൻസ് സാധ്യമാക്കുക – ലോകവുമായി തങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു ഓൺലൈൻ ഐഡന്റിറ്റി സ്ഥാപിക്കുവാൻ ലിങ്ക്ഡ്ഇൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. നല്ലൊരു ജോലി തിരയുമ്പോഴും ജോലി മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുമ്പോഴും തങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പരിചയസമ്പത്തും പ്രൊഫൈൽ വഴി തൊഴിലുടമകളിലേക്ക് എത്തിക്കാൻ പ്രഫഷനൽ ഓൺലൈൻ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

വിജയ്‌സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ നിന്ന്
വിജയ്‌സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ നിന്ന്

 

പഴയ സഹപാഠികളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കാം

 

ഒരു പ്രഫഷനൽ നെറ്റ്്വർക്ക് പരിപോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച നെറ്റ്്വർക്കിങ് ഫോറമാണ് ലിങ്ക്ഡ്ഇൻ. വിദ്യാർഥികൾക്ക് പഴയ സഹപാഠികളുമായുള്ള ബന്ധം പുതുക്കുന്നതിന്  ഈ വേദി വഴിയൊരുക്കുന്നു. അതോടൊപ്പം തങ്ങൾ ജോലി തേടുന്ന വ്യവസായ മേഖലയിലെ ഉന്നതരുമായി ബന്ധപ്പെടുവാനും സാധിക്കുന്നു. ലിങ്ക്ഡ്ഇന്നിലുള്ള ഡേറ്റ വിഷ്വലൈസേഷൻ ടൂൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് നെറ്റ്്വർക്കിന്റെ ഗുണമേന്മ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തൊഴിൽ രംഗത്തും മറ്റും നേട്ടങ്ങളുണ്ടാക്കുന്നതിനും സാധിക്കും. 

 

നൈപുണ്യ വികസനത്തിന് ലിങ്ക്ഡ്ഇൻ

 

ഏറ്റവും പുതിയ ബിസിനസ് മേഖലകൾ, സാങ്കേതിക വിദ്യ, നൈപുണ്യ വികസനം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ ധാരണയുണ്ടാകാൻ പ്രയോജനപ്രദമായ ഇൻസ്ട്രക്‌ഷനൽ വിഡിയോകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും  വ്യക്തികൾക്ക് അനുയോജ്യമായ കോഴ്സുകൾ ശുപാർശ ചെയ്യുകയും വഴി അതിലൂടെ പരമാവധി പ്രയോജനം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ലഭിക്കാനും ലിങ്ക്ഡ് ഇൻ വഴിയൊരുക്കും. പ്രഫഷനൽ രംഗത്തും അക്കാദമിക് രംഗത്തും തിളക്കമുള്ള വിജയങ്ങൾ സ്വന്തമാക്കാൻ ലിങ്ക്ഡ് ഇൻ വിദ്യാർഥികളെ സഹായിക്കും. 

 

ഇന്റേൺഷിപ്പും തൊഴിലവസരങ്ങളും

 

ഇന്റേൺഷിപ്പ് അവസരങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുന്നതിന് ലിങ്ക്ഡ് ഇന്നിന് നിരവധി സ്രോതസ്സുകളുണ്ട്.  താൽപര്യമുള്ള മേഖലയിലെ തൊഴിലവസരങ്ങളറിയുന്നതിന് വിദ്യാർഥികൾക്ക് കമ്പനി വെബ്സൈറ്റുകളും സേർച്ച് റിസൽറ്റുകളും ബ്രൗസ് ചെയ്യാം. 93% തൊഴിൽദാതാക്കളും ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ്ഫോമിലൂടെ അവർ അപേക്ഷകരെ പ്രാഥമികമായി സ്ക്രീൻ ചെയ്യും. വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയാക്കിയിറങ്ങുന്ന ബിരുദ വിദ്യാർഥികൾക്കുമായി ലിങ്ക്ഡ്ഇൻ ഒരു ജോബ് പോർട്ടലും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ കമ്പനികളിലെ എൻട്രി ലെവൽ ജോലികൾ കണ്ടെത്താൻ അതവരെ സഹായിക്കും. അതിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളും ഗവൺ‌മെന്റ് ഏജൻസികളും ഉൾപ്പെടും. വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനും ഇന്റേൺഷിപ്പ് ചെയ്യാനും ജോലി ലഭിക്കാനുമായി കമ്പനികളുമായി സംവദിക്കാനും അവസരം ലഭിക്കുന്നു.

 

പ്രഫഷനൽ നെറ്റ്്വർക്കിങ്ങിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പഠിക്കാൻ സാധിക്കും. ലിങ്ക്ഡ് ഇൻ ഒരുക്കുന്ന ഈ പ്രഫഷനൽ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് ആത്മവിശ്വാസം ആർജ്ജിക്കുവാനും ഇൻഡസ്ട്രി ട്രെൻഡും പ്രഫഷനൽ വൊക്കാബുലറിയും മനസ്സിലാക്കുന്നതിനും അതിലൂടെ ജോലികൾക്കാവശ്യമായ നൈപുണ്യവികസനം ആർജ്ജിക്കുവാനും സാധിക്കും

 

ലിങ്ക്ഡ്ഇൻ സ്റ്റുഡന്റ് പ്രൊഫൈലിന്റെ 5 സുവർണ നിയമങ്ങൾ 

 

1.ഒരു വിദ്യാർഥിയുടെ പ്രഫഷനൽ ഫോട്ടോ.

2.ഹെഡ്‌ലൈൻ, ഏരിയ ഓഫ് സ്റ്റഡി, കരിയർ അംബീഷൻസ്.

3.വിദ്യാർഥി അന്വേഷിക്കുന്ന പദവിയുടെ തരം സൂചിപ്പിക്കുന്ന കീബോർഡ്–റിച്ച്

4.വോളന്റിയർ പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പുകൾ, എക്സ്ട്രാകരിക്കുലർ എന്നിവയും ഉൾപ്പെടുത്തുന്നു.

5.പ്രഫസർമാർ, അഡ്വൈസർമാർ, ഇന്റേൺഷിപ്പ്സ് എന്നിവരിൽ നിന്നുള്ള ശുപാർശകൾ

 

(ലേഖകൻ ഡോ. രാഗേഷ് ജി.കെ., അസിസ്റ്റന്റ് പ്രഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കോട്ടയം. ആശയങ്ങൾ വ്യക്തിപരം)

 

Content Summary : How to Use LinkedIn as a College Student 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com