കാനഡയുടെ പുതിയ കുടിയേറ്റ നിയമം; ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമെന്ന് വിലയിരുത്തൽ
Mail This Article
കാനഡ പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചതോടെ അതിവേഗ സ്റ്റുഡന്റ് വീസ പ്രോസസിങ് രീതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ഇല്ലാതാകുമെങ്കിലും മലയാളി വിദ്യാർഥികൾക്കു ഗുണകരമാകുമെന്നു വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലെ വിദ്യാർഥികൾക്കു മാത്രം ബാധകമായിരുന്ന എസ്ഡിഎസ് പിൻവലിച്ചതോടെ വികസിത രാജ്യങ്ങളിലെ വിദ്യാർഥികൾക്കു ബാധകമായ നിബന്ധനകൾ മാത്രമേ ഇനി മുതൽ ഇന്ത്യൻ വിദ്യാർഥികൾക്കും ബാധകമാകൂ.
2018ൽ നടപ്പാക്കിയ എസ്ഡിഎസ് പ്രകാരം വിദ്യാർഥികൾ ഒരു വർഷത്തെ ട്യൂഷൻ ഫീസ് ഇനത്തിലും ജീവിതച്ചെലവ് ഇനത്തിലുമായി ഏകദേശം 25 ലക്ഷത്തോളം രൂപ മുൻകൂറായി കണ്ടെത്തണമായിരുന്നു. പുതിയ നയം വന്നതോടെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികൾ എല്ലാ വിദേശ വിദ്യാർഥികളെയും പോലെ ഒരു സെമസ്റ്ററിന്റെ മാത്രം ഫീസ് മുൻകൂറായി അടച്ചാൽ മതിയാകും. മറ്റു ചെലവുകൾക്കു സ്പോൺസർഷിപ് ലെറ്റർ, ലോൺ ലെറ്റർ എന്നിവ സമർപ്പിച്ചാൽ മതി. സാമ്പത്തികമായി ഇതു വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും. തൊഴിലില്ലായ്മ നിരക്കു ലോകത്ത് ഏറ്റവും കുറവുള്ള കാനഡ വിദേശ വിദ്യാർഥികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് എംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
‘ഗുണനിലവാരമുള്ള, ജോലി സാധ്യതയുള്ള കോഴ്സുകൾക്കാണു കാനഡ മുൻഗണന നൽകുന്നത്. എന്തെങ്കിലും ഒരു കോഴ്സ് പഠിക്കാനായി കാനഡയിൽ എത്തുന്ന രീതി അവർ താൽപര്യപ്പെടുന്നില്ല. വടക്കേ ഇന്ത്യക്കാരെ അപേക്ഷിച്ചു മലയാളികൾ പൊതുവേ മികച്ച കോഴ്സുകളാണു തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ നയം മാറ്റം നമുക്കു ഗുണകരമാണ്’ – അദ്ദേഹം വിലയിരുത്തുന്നു. തൊഴിൽ സാധ്യത മുൻനിർത്തി കാനഡയിലെ വിവിധ പ്രവിശ്യ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യമനുസരിച്ചു കനേഡിയൻ സർക്കാർ ആയിരത്തോളം തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക 2 മാസം മുൻപു പുറത്തുവിട്ടിരുന്നു. കാനഡയിൽ മികച്ച വിദ്യാഭ്യാസവും പെർമനന്റ് റസിഡൻസിയും (പിആർ) ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇതോടെ കൂടുതൽ വ്യക്തത ലഭിക്കും.
കാനഡയുടെ പുതിയ കുടിയേറ്റ നിയമം - സംശയങ്ങൾ വിദഗ്ദരോട് ചോദിക്കാം